സ്ഥൂല ലോകത്തിന്റെ അടിസ്ഥാനം അവിടെ നിലവിലുള്ള നിയമങ്ങളില്‍നിന്ന് പലപ്പോഴും വ്യത്യസ്തമായ സ്വഭാവം പ്രകടമാക്കുന്ന സൂക്ഷ്‌മോര്‍ജ്ജ സംവിധാനങ്ങളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.
ഇവ രണ്ടിന്റെയും നിയമങ്ങള്‍ പ്രസക്തമല്ലാത്തതും എന്നാല്‍ ആ നിയമങ്ങള്‍ക്ക് ആധാരവുമാണ് ബ്രഹ്മം എന്ന വേദാന്തദര്‍ശനം. ഇവ മൂന്നും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഏകത്വദര്‍ശനമാണത്. സര്‍വന്തര്യാമിയായ ദേവിയായി ശ്രീലളിതാസഹസ്രനാമസ്‌തോത്രത്തില്‍ വാഴ്‌ത്തപ്പെടുന്ന ഈ സത്യത്തെ ത്രിസ്ഥാ എന്ന് അതില്‍ പ്രതിപാദിക്കുന്നു. ഈ മൂന്നില്‍ രണ്ടു ഘടകങ്ങള്‍ മാത്രമേ ഇന്നത്തെ ഭൗതികശാസ്ത്രജ്ഞന്റെ പരിഗണനയിലുള്ളൂ. സ്റ്റീഫന്‍ ഹോക്കിങ് പറയുന്നതുപോലെ മഹാവിസ്‌ഫോടനത്തിനപ്പുറമുള്ളവയെ വിഗണിക്കുകയല്ലാതെ മറ്റെന്താണ് കരണീയം എന്നാണ് ശാസ്ത്രത്തിന്റെ ഇന്നത്തെ നിലപാട്.
പുരാതന ജ്ഞാനരംഗങ്ങളെ ഉപരിപ്ലവവാദങ്ങളിലൂടെ അന്ധവിശ്വാസമെന്ന് വരുത്തിത്തീര്‍ത്ത് വെട്ടിനിരത്താന്‍ ശ്രമിക്കുന്ന അഹം ദ്രവ്യാസ്മിവാദി പരിഹാസത്തോടെ വേദാന്തത്തെ വേദാന്ധം എന്നു വിളിച്ചു കളയും!
ഒരുതരം താമസികമൗഢ്യത്തിലൂടെ ചിലരിങ്ങനെ തള്ളിപ്പറയുന്ന ജ്ഞാനമേഖലകളെ തുറന്നമനസ്സുള്ള ചില തനിഭൗതിക ശാസ്ത്രജ്ഞന്മാര്‍ പോലും അമ്പരപ്പോടെയാണ് വിലയിരുത്തുന്നത്. ഉദാഹരണമായി, മുന്‍ സോവിയറ്റ് യൂണിയനില്‍, യുഎസ്എസ്ആര്‍ അക്കാഡമി ഓഫ് സയന്‍സസിലെ അംഗവും അതിലെ ‘ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജനറല്‍ പ്രോബ്ലംസ് ഓഫ് ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം’ എന്ന വിഭാഗത്തിന്റെ ഡയറക്ടറുമായിരുന്ന പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്പിര്‍ക്കിന്‍ രചിച്ച ‘ഡയലിറ്റിക്കല്‍ മെറ്റീരിയലിസം’ എന്ന പുസ്തകത്തിലെ പഠനത്തില്‍ ഇതര വിജ്ഞാനമേഖലകളെ പരാമര്‍ശിക്കുമ്പോള്‍, ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചുള്ള അഭിപ്രായം തുടങ്ങുന്നത് ഇപ്രകാരമാണ്: ”പ്രപഞ്ചരംഗങ്ങളിലും ഭൂഗര്‍ഭത്തിലും ഉള്ള സ്ഥിതികളും മനുഷ്യന്റെ മാനസികവും ശാരീരികവും ആയ അവസ്ഥകളും തമ്മിലുള്ള വിസ്മയാവഹവും അഗാധവുമായ സൂക്ഷ്മബന്ധങ്ങളെ പുരാതനഭാരതത്തിലെ ഋഷിമാര്‍ കണ്ടെത്തി.
യൂറോപ്യന്‍ ശാസ്ത്രചിന്ത അവരുടെ അറിവിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ അതിന്റെ നിസ്സഹായത മറച്ചുവയ്‌ക്കാനായി പൗരസ്ത്യ മിസ്റ്റിസിസം എന്നുപറഞ്ഞ്അവഗണിക്കുന്നു.” രണ്ടു പേജുള്ള ഈ അവലോകനവും പ്രശംസയും അവസാനിക്കുന്നതാകട്ടെ ഇപ്രകാരവുമാണ്:”നമ്മുടെ പ്രശംസയും കൃതജ്ഞതയും പഠനത്തിനുള്ള അഭിലാഷവും ഉദ്ദീപിപ്പിക്കുന്ന വിസ്മയാവഹവും മഹത്തരവുമായ ഒരു സംസ്‌കാരത്തിലേക്കല്ലേ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്?”
ഭൗതികവാദി ഇന്ന് ആധ്യാത്മികതത്വങ്ങളെ തള്ളിപ്പറയാന്‍ മുഖ്യമായും ആശ്രയിക്കുന്നത് റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലെ നിരീശ്വരവാദിയെന്നു സ്വയം പ്രഖ്യാപിക്കുന്ന ജീവശാസ്ത്രജ്ഞനെയാണ്. എന്നാല്‍ ഡോക്കിന്‍സാകട്ടെ, ചിപ് റോവ് അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖത്തില്‍, താന്‍ യഹോവയെപ്പോലുള്ള വ്യക്തിനിഷ്ഠ ദൈവസങ്കല്‍പങ്ങളെയാണ് നിരാകരിക്കുന്നതെന്നും, പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സൃഷ്ടിപ്രജ്ഞ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ലെന്നും പറയുന്നു. അതായത് പ്രജ്ഞാനം ബ്രഹ്മ എന്ന യജുര്‍വേദ മഹാവാക്യത്തിലെ വേദാന്തതത്വം പ്രസക്തം തന്നെയാണെന്ന് തത്വത്തില്‍ സമ്മതിച്ച് വേദാന്തത്തെപ്പറ്റി അറിവൊന്നും ഇല്ലെങ്കിലും ആ രംഗത്തേക്ക് കാലെടുത്തുവയ്‌ക്കുകയാണ് അദ്ദേഹം.
ദൈവത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും ക്രൂരതകളും കണ്ട് സഹികെട്ട് ദൈവമില്ല എന്നുമാത്രം വിളിച്ചുപറഞ്ഞുകൊണ്ടുനടക്കാതെ, വേദാന്തത്തെപ്പറ്റി ആഴത്തില്‍ പഠിക്കുവാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ശാസ്ത്രത്തിലൂടെ തന്നെ സര്‍ഗാത്മകമായി മനുഷ്യരാശിയെ പരിണാമത്തിന്റെ ഉയര്‍ന്ന പടികളിലേക്ക് കയറ്റിവിടാന്‍ അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് കഴിയുമായിരുന്നു. ”ദൈവമേ എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത്?” എന്നദ്ദേഹം ചോദിക്കുന്നു. അതിന് ഭഗവദ്ഗീതയിലുള്ള ഈ ഉത്തരം അദ്ദേഹത്തിനറിഞ്ഞുകൂടാ. അത് ഇതാണ്: ”ഈശ്വരഃസര്‍വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുന തിഷ്ഠതി.” ഈശ്വരന്‍ ഒരിടത്തും ഒളിഞ്ഞിരിക്കുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ഉള്ളില്‍ തന്നെയുണ്ട്. മനുഷ്യന് വേണമെങ്കില്‍ തന്നില്‍ ഈശ്വരചൈതന്യം ഉണര്‍ത്തി അനുഗൃഹീതനും സ്വതന്ത്രനുമാകാന്‍ കഴിയും.
പ്രപഞ്ചത്തിലെ ഒരു സൃഷ്ടിപരമായ പ്രജ്ഞയെപ്പറ്റി റിച്ചാര്‍ഡ് ഡോക്കിന്‍സ് വളരെ നേരിയ ഒരു അവബോധമേ പ്രകടിപ്പിക്കുന്നുള്ളൂവെങ്കിലും, എച്ച്.ജി. വെല്‍സ്, ജൂലിയന്‍ ഹക്സ്ലി, ജെ.ബി.എസ്. ഹാല്‍ഡൈന്‍ തുടങ്ങിയ അനേകം ജീവശാസ്ത്രജ്ഞന്മാര്‍ പൗരസ്ത്യ മിസ്റ്റിസിസത്തില്‍ കൂടുതല്‍ ആകൃഷ്ടരായിരുന്നു. കൂടാതെ, ലബോറട്ടറിയില്‍ ജീവചൈതന്യം ത്രസിപ്പിച്ച ഡോ. ക്രെയ്ഗ് വെന്റര്‍, അമേരിക്കയിലെ നാഷണല്‍ ജിനോം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഡോ. ഫ്രാന്‍സിസ് കോളിന്‍സ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ സൈമണ്‍ കോണ്‍വേ മോറിസ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ജീവപരിണാമം വെറും യാന്ത്രികമല്ലെന്നു കരുതുന്നവരും അതില്‍ പ്രസക്തമായ പ്രജ്ഞയുടെ ദിവ്യഹസ്തത്തെ നിരസിക്കാത്തവരുമാണ്.
















