തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക് വിമര്‍ശിച്ചിരിക്കുന്നത്. തന്റെ പോസ്റ്റിന് കീഴില്‍ പൊങ്കാലയിട്ട ആയിരങ്ങളുടെ പൊടിപോലും ഇപ്പോള്‍ കാണാനില്ലെന്ന് ഐസക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി അനേകം പൗരന്മാര് തങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പ്രശ്നമല്ലെന്ന് പറയുമ്പോഴാണ് കുത്തിത്തിരുപ്പുണ്ടാക്കാന്‍ സംസ്ഥാനധനമന്ത്രിയുടെ ശ്രമം.
നാട്ടിലാകെ അരാജകത്വമായെന്നാണ് ഐസക്കിന്റെ ആരോപണം. കൂലികൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പണികള്‍ നിന്നു. അവരുടെ വീടുകള്‍ പട്ടിണിയായി. ആളുകളുടെ മുഖ്യതൊഴില്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കലാണ്. ഏറിയാല്‍ നാലായിരം രൂപ പിന്‍വലിക്കാം. ചായക്കടകളും ഹോട്ടലുകളും പൂട്ടി. കടകള്‍ തുറക്കുന്നതെന്തിനെന്നാണ് വ്യാപാരികളുടെ ചോദ്യമത്രെ. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കല്യാണങ്ങള്‍ മാറ്റിവച്ചു. ജനം പെരുവഴിയിലായിരിക്കുമ്പോള് ബിജെപിക്കാര്‍ സഹകരണബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന ആരോപണവും ഐസക് നടത്തിയിട്ടുണ്ട്.
സഹകരണബാങ്കിലെ കള്ളപ്പണം രണ്ടാഴ്ച കഴിഞ്ഞാലും അവിടെ തന്നെ കാണും. ഇപ്പോള്‍ തന്നെ അത് പൂട്ടിക്കണോ ? സംഘികളെല്ലാം മാളത്തിലൊളിച്ചെന്നും പറയുന്ന ഐസക് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കാനും തയ്യാറായി. കേരളം ഭരിച്ചുമുടിച്ച് രൂക്ഷമായ കടക്കെണിയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതില്‍ പ്രധാനപങ്കുള്ള ഐസക്കാണ് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ഉപദേശിക്കുന്നതെന്ന വൈരുദ്ധ്യം പോസ്റ്റില്‍ കാണാന്‍ കഴിയും. കള്ളപ്പണം ഒരുലക്ഷം രൂപവച്ച് ബാങ്ക് അക്കൗണ്ടില്‍ അടച്ച് കമ്മീഷന് അടിസ്ഥാനത്തില്‍ ഇപ്പോള്‍ വെളുപ്പിക്കുന്നുണ്ടെന്ന അന്വേഷണാത്മക വിവരവും ഐസക് വെളിപ്പെടുത്തുന്നു.
സംസ്ഥാന ട്രഷറി, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ ഇവയെ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നും ആവശ്യപ്പെടുന്ന ഐസക് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന ഭീഷണിയും മുഴക്കുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ വലിയ വെല്ലുവിളി നേരിടുന്ന സാമ്പത്തികഭീകരത അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാര്‍ അവധിയെടുത്ത് യൂണിയന് സമ്മേളനത്തിന് പോയതിനെ കുറിച്ച് ഐസക് ഒരക്ഷരം പോലും ഫെയ്സ്ബുക്ക് പോസ്റ്റില്‍ മിണ്ടുന്നില്ല. കേരളത്തിലെ സഹകരണബാങ്കുകളില്‍ 30,000 കോടിരൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന കാര്യത്തെക്കുറിച്ചും ഐസക്കിന്റെ നാവ് ചലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: