പുളിയാര്‍മല : യുദ്ധാനന്തരം ശ്രീരാമന് സീതാദേവിയെ ഓടിച്ചെന്ന് കാണാത്തതും അഗ്നിശുദ്ധിക്ക് സീതാദേവിയെ മാനസികമായൊരുക്കാന് ധര്‍മ്മിഷ്ഠനായ ദശരഥപുത്രന് നിശ്ചയിച്ചതും രാമായണത്തെ ധര്മ്മഗാഥയാക്കുന്നതായി സ്വാമി അധ്യാത്മാനന്ദ സരസ്വതി. രാമായണ ജ്ഞാനയജ്ഞത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച്ച പുളിയാര്‍മലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന് സൃഷ്ടിയിലെ ശ്രീ രാമദൂതനായ ഹനുമാന് സ്വ ദൗത്യനിര്‍വഹണത്തിന്റെ യാത്രയില്‍ മനഃസ്ഥൈര്യം കൈവെടിയാതിരുന്നത് മാതൃകയാണ്. സ്വന്തം കഴിവുകള്‍ മറന്ന് പിന് വാങ്ങി നിന്ന മാരുതിയെ ജാംബവാനാണ് കടല്‍ ചാടിക്കടക്കാന്‍ പ്രചോദിപ്പിച്ചത്.
സ്വാത്മ വൈഭവം മറന്ന് അലസത പൂണ്ട് കഴിയുന്ന ആളുകളെ ഉദ്ധരിച്ച് ഉദാത്ത കാര്യങ്ങളില്‍ നിയോഗിക്കാന്‍ നമുക്കൊക്കെ ശ്രദ്ധ വേണം.
ലങ്കയിലേക്കു കുതിക്കും മുമ്പുതന്നെ താന്‍ ലങ്കയിലെത്തിയതായി അഞ്ജനാനന്ദനന്‍ ചിന്തിച്ചു. സ്വയം ഗരുഡസമാനനാണെന്നു കരുതി. രാമബാണം പോലെ കുതിച്ചു ചെല്ലുമെന്ന് ഭാവിച്ചു. മനസ്സിന് ലക്ഷ്യബോധം ഉറപ്പിച്ചു നല്‍കുന്നതും മറ്റൊന്നിലേക്ക് വ്യതിചലിച്ചുപോകാതെ കാക്കുന്നതു പ്രധാനമാണ്.
സീതാന്വേഷണ യാത്രയില്‍ ഹനുമാന് പ്രലോഭനവും, ഭീഷണിയും, പ്രകോപനവും ഒക്കെ തടസ്സമായി നേരിടേണ്ടി വന്നു. എന്നാല്‍ രാമകാര്യാര്‍ത്ഥം എന്നു ദൃഢനിശ്ചയം ചെയ്തു പോവാന്‍ കഴിഞ്ഞതിനാല്‍ മാരുതി പതറിയില്ല. അശോക വനിയില്‍ രാമനാമജപ നിരതയായി കഴിഞ്ഞ സീത ശ്രീരാമനേയും വാനരപ്പടയേയും ലങ്കയിലേക്കാവാഹിക്കുകയായിരുന്നു. കായക്കരുത്തിനു മുമ്പില്‍ തളരാതെ മനഃക്കരുത്തോടെ ഇരിക്കാന്‍ കഴിഞ്ഞാല്‍ ശ്രേയസ്സിന്റെ പാത തെളിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: