ന്യൂദല്‍ഹി: ഭാരതവും ഭൂട്ടാനും തമ്മിൽ പുതിയ നയതന്ത്ര-വ്യാപാര കരാറില്‍ ഒപ്പുവച്ചു. വ്യവസായ മന്ത്രി നിര്‍മല സീതാരാമനും ഭൂട്ടാന് സാമ്പത്തികകാര്യ മന്ത്രി തെങ്കെയേ ലയെന്പോ ലീകെ ഡോര്ജിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് കരാര്‍.
ഡോര്ജിക്കൊപ്പമെത്തിയ സംഘത്തിലെ പ്രമുഖരുമായി നിര്‍മല സീതാരാമന് ചര്‍ച്ച നടത്തി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും വ്യാപാര രംഗത്ത് നിക്ഷേപം നടത്തുന്നതു സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
1972ലാണ് ഇരുരാജ്യങ്ങളും ആദ്യമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത്. പിന്നീട് ഈ കരാര്‍ നാലു തവണ പുതുക്കുകയുണ്ടായി. 2006 ജൂലൈ 28നാണ് അവസാനമായി കരാര്‍ പുതുക്കിയത്. 2016 ജൂലൈ 29 വരെയായിരുന്നു ഇതിന്റെ കാലാവധി.
മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂട്ടാന് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: