കൊച്ചി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംറെ. അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ പദ്ധതിയില്‍ 19 ലക്ഷത്തോളം പൂര്‍വ്വസൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു കഴിഞ്ഞു. 5745 കോടി രൂപ വിതരണം ചെയ്തു. ഏഴാം ശമ്പള കമ്മീഷന്റേയും ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുടേയും മറ്റാനുകൂല്യങ്ങള്‍ പൂര്‍വ്വ സൈനികരിലെത്തിക്കാന് മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. പൂര്‍വ്വസൈനികരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃകയാണ്.
അച്ചടക്കത്തിന് ഉത്തമ മാതൃകയാണ് സൈനികരുടെ ജീവിതമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജസ്റ്റിസ് എം. രാമചന്ദ്രന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നടപടികള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക സഹോദരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പടെ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് പ്രവര്‍ത്തകര്‍ വിസ്മരിക്കാനാവാത്ത സേവനമാണ് കാഴ്ചവെയ്ക്കുന്നത്. യോഗത്തില്‍ ചെയര്മാന് മേജര്‍ ജനറല്‍ പി. വിവേകാനന്ദന് അധ്യക്ഷത വഹിച്ചു.
പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ദേശീയ പ്രസിഡന്റ് ലഫ്. ജനറല്‍ വി. എം. പട്ടേല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കമാന്‍ഡര്‍ കെ. സി. മോഹന്‍പിള്ള, ജന്മഭൂമി എം. ഡി എം. രാധാകൃഷ്ണന്, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.സേതുമാധവന്, ദേശീയ സംഘടനാ സെക്രട്ടറി വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വേലായുധന്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സൈനിക് വെല്‍ഫെയര്‍ ഡയറക്ടര്‍ കെ. കെ. ഗോവിന്ദന് നായര്‍, ജില്ലാ രക്ഷാധികാരി കമാന്‍ഡര്‍ എന്‍. രവീന്ദ്രനാഥന്‍, ജില്ലാ പ്രസിഡന്റ് കെ. ജെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ലഫ്. കേണല്‍. കെ. രാംദാസന്‍ പതാകയുയര്‍ത്തി. സമ്മേളനം ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി യോഗത്തില്‍ ലഫ്. കേണല്‍. കെ. രാംദാസന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ പി. ശിവദാസന്‍ കണക്കവതരിപ്പിക്കും. റിപ്പോര്‍ട്ട്, പ്രമേയാവതരണങ്ങള്‍ നടക്കും. 11.30 ന് ദേശീയ സംഘടനാ സെക്രട്ടറി വിജയകുമാര്‍ മാര്‍ഗദര്‍ശനം നല്‍കും.
12ന് ചേരുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന് സംസാരിക്കും. ലഫ്. കേണല്‍ സുലോചന സ്വാഗതവും കമാന്‍ഡര്‍ കെ. ജെ. ശ്രീകുമാര്‍ നന്ദിയും പ്രകാശിപ്പിക്കുന്നതാണ്.
ഭീഷണികള്‍ക്കു മുന്നില്‍ ഇന്ത്യന്‍ സേന പതറില്ല: ഡോ. ഭാംറെ
പ്രത്യേക ലേഖകന്‍
കൊച്ചി: അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഏത് ഭീഷണി നേരിടാനും ഇന്ത്യന്‍ സേന സുസജ്ജമാണെന്ന് കേന്ദ്ര പ്രതിരോധവകുപ്പുസഹമന്ത്രി ഡോ. സുഭാഷ് ഭാംറെ. കള്ളപ്പണം, ഹവാല, കള്ളനോട്ട്, ഭീകരപ്രവര്‍ത്തകര്‍ക്കുള്ള സാമ്പത്തിക, ആയുധ സഹായങ്ങള്‍ തുടങ്ങി പല തരത്തിലുള്ള ഭീഷണികളാണ് രാജ്യം നേരിടുന്നതെന്ന് അദ്ദേഹം ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അഖിലഭാരതീയ പൂര്‍വ്വസൈനിക് സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് കേന്ദ്രമന്ത്രി.
ഇത്തരം ഭീഷണികളുടെയെല്ലാം ഉറവിടം പാക്കിസ്ഥാനാണെന്ന് പേരെടുത്തുപറയാതെ അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകെത്ത ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയിലുള്ളത്. ഏത് ഭീഷണിക്കും തക്ക തിരിച്ചടി നല്കാന് അവര്‍ക്കു കഴിയും. അന്താരാഷ്ട്ര വേദികളിലെ പാക്ക് പ്രചാരണങ്ങള്‍ മറുപടി അര്‍ഹിക്കാത്തവയാണ്.
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയില്‍ 19 ലക്ഷത്തിലധികം പേര്‍ക്കായി 4000 കോടിയോളം രൂപ നല്‍കിക്കഴിഞ്ഞു. 2014 ഫെബ്രുവരിയില്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അതിനായി അനുവദിച്ചത് വെറും 500 കോടി രൂപയാണെന്ന് ഭാംറെ ചൂണ്ടിക്കാട്ടി. 1965, ’71 യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികരുടെ വിശദാംശങ്ങളും കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചുവരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇക്കാര്യത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
പെന്ഷന് പദ്ധതിയിലെ പോരായ്മകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച മുന്‍ പാറ്റ്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാവു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് 5800 കോടി രൂപയോളം വേണ്ടിവരുമെന്നും ഭാംറെ വ്യക്തമാക്കി. പ്രമുഖ അര്‍ബുദരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍കൂടിയാണ് ഡോ. ഭാംറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: