മക്കളേ, ഈശ്വരന്‍ തന്നെയാണ് ആത്മാവ്. ഈശ്വരബോധത്തെ അഖണ്ഡമായി നിലനിര്‍ത്തിക്കൊണ്ട് ചെയ്യുന്ന കര്‍മമാണ് ശരിയായ തപസ്സ്. ധ്യാനിക്കുന്നതോ, ജപിക്കുന്നതോ മാത്രമല്ല സാധന. നിഷ്‌കാമ സേവനവും സാധനയാണ്. നമ്മുടെ മനസ്സിന്റെ വികാസത്തിന് ഏറ്റവും എളുപ്പമായ മാര്‍ഗമാണിത്. കൂട്ടുകാരന് നല്‍കാനാണ് പുഷ്പം വാങ്ങുന്നതെങ്കിലും, അതിന്റെ പരിമളവും ഭംഗിയും ആദ്യം ആസ്വദിക്കുന്നത് നമ്മളാണ്. അതുപോലെ നിഷ്‌കാമ സേവനത്തിലൂടെ നമ്മുടെ മനസ്സാണ് വിശാലമാകുന്നത്.
നമ്മളാണ് ആനന്ദം അനുഭവിക്കുന്നത്. നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മുന്‍പ്, അയലത്തുകാര്‍ക്ക് നല്ല ബുദ്ധിയും മനസ്സും നല്‍കുവാനായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. അയലത്തുവീട്ടില്‍ ഒരു കള്ളനോ, ഭ്രാന്തനോ ഉണ്ടെങ്കില്‍, നമുക്ക് സ്വസ്ഥതയോടെ ജീവിക്കുവാന്‍ കഴിയുമോ? സൈ്വരമായി ഉറങ്ങുവാന്‍ സാധിക്കുമോ? നമുക്ക് ശാന്തി കിട്ടുമോ? കള്ളന്‍ എപ്പോഴാണ് മോഷ്ടിക്കുവാന്‍ എത്തുക എന്ന ആധിയാണ് സദാസമയവും. വീട് വിട്ട് എങ്ങും പോകുവാന്‍ മനസ്സനുവദിക്കുന്നില്ല. അവര്‍ക്ക് നല്ല സ്വഭാവം ഉണ്ടാകണേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കണം. നമ്മുടെ തന്നെ സ്വസ്ഥതയ്‌ക്കും ശാന്തിക്കും വേണ്ടിയാണിത്. ഈ ഭാവനയിലൂടെയേ നമുക്ക് വികസിക്കാന്‍ കഴിയൂ.
വൃത്തി കൈവരിക്കാന്‍ സാധിക്കൂ. അന്യരിലെ കുറ്റവും കുറവും കാണുകയോ കേള്‍ക്കുകയോ പറയുകയോ ചെയ്യാതെ എല്ലാവരിലും എല്ലാറ്റിലും നന്മ മാത്രം കാണുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. സ്വന്തം കൈ മുറിഞ്ഞാല്‍, അതിനെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ മരുന്നുവച്ചു പൊറുപ്പിക്കാന്‍ നാം എത്ര വ്യഗ്രതയോടെ ശ്രമിക്കുന്നുവോ അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ നോക്കാതെ അവരെ സേവിക്കണം. കാലില്‍ മുള്ളുകൊണ്ടാല്‍, ഇരുന്ന് കരഞ്ഞതുകൊണ്ട് മുള്ളു പോകില്ല. വേദന മാറില്ല. മുള്ള് എടുത്ത് കളഞ്ഞ് മരുന്നു പുരട്ടണം. അതുപോലെ, മിഥ്യാകാര്യങ്ങളോര്‍ത്ത് അവയ്‌ക്കുവേണ്ടി വിഷമിക്കുകയും, കണ്ണുനീരൊഴുക്കുകയും ചെയ്തതുകൊണ്ട് പ്രയോജനമില്ല.
















