ന്യൂദല്‍ഹി: നോട്ടുകള്‍ റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുഴല്‍പ്പണക്കാര്‍ക്കും ഭീകരര്‍ക്കും തിരിച്ചടിയാകുന്ന തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തിനെന്ന മനസിലാകുന്നില്ലെന്ന് ഷാ പറഞ്ഞു. തീവ്രവാദികളും കള്ളപ്പണക്കാരും മയക്കുമരുന്ന മാഫിയയും ആശങ്കപ്പെടുന്നത് മനസിലാക്കാം. രാഹുലിനും കെജ്രിവാളിനും മുലായത്തിനും മായാവതിക്കും ഇതിലെന്താണ് പ്രശ്നം. അവര്‍ കള്ളപ്പണത്തിനും ഭീകരതക്കും അനുകൂലമാണോ. ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്, ഷാ പറഞ്ഞു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഏത് തീരുമാനത്തെയും ഒരു വിഭാഗം എപ്പോഴും എതിര്‍ക്കുന്നു. സര്‍ക്കാര്‍ നടപടിയില്‍ സാധാരണക്കാര്‍ പേടിക്കേണ്ടതില്ല. നിയമം അനുസരിക്കാത്ത സാമൂഹ്യദ്രോഹികള്‍ പേടിക്കണം. രാഷ്ട്രീയം ശുദ്ധീകരിക്കാനും സാമ്പത്തികരംഗത്ത് മുന്നേറ്റമുണ്ടാക്കാനും തീരുമാനം ഇടയാക്കും. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ബിഎസ്പിയെ സംബന്ധിച്ച് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് മായാവതിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ഷാ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരായ നീക്കത്തെ പിന്തുണക്കണമെന്ന് അദ്ദേഹം ജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന ആരോപണം നിഷേധിച്ചു അമിത് ഷാ രാജ്യത്ത് എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് നടക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: