കൊച്ചി: ആദ്യ സ്ഥാനങ്ങളില്‍ നിലനിന്ന് സെമി പ്രതീക്ഷ സജീവമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ കളത്തില്‍. എതിരാളികള്‍ നിലവിലെ ജേതാക്കള്‍ ചെന്നൈയിന്‍ എഫ്‌സി. ഗോവയ്‌ക്കെതിരായ കളിയില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചതിന്റെ ആവേശത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ചെന്നൈയിലെ ആദ്യപാദത്തില്‍ സമനില പിടിച്ചതിന്റെ ആവേശവുമുണ്ട് കൊമ്പന്മാര്‍ക്ക്.
സെമി ഉറപ്പാക്കുന്നതു വരെ ജാഗ്രതയോടെ കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ പറഞ്ഞു. കൊച്ചിയില്‍ ചെന്നൈയിനോട് തോറ്റിട്ടില്ലെന്നത് ആതിഥേയരുടെ ആശ്വാസവും പ്രതീക്ഷയും. ഒമ്പത് കളികളില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട് ടീം. ഇന്നു ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കു കയറാം. സി.കെ. വിനീതും റിനോ ആന്റോയും എത്തിയതോടെ ടീമിന്റെ ഘടന കൂടുതല്‍ സന്തുലിതമായി. റൈറ്റ് ബാക്കില്‍ റിനോയെയും വിങ്ങില്‍ വിനീതിനെയും ഇന്ന് ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. അതിനനുസരിച്ച് മറ്റു മാറ്റങ്ങളും.
എട്ടു കളികളില്‍ 10 പോയിന്റുമായി ഏഴാമതുള്ള ചെന്നൈയിനും ഇന്ന് ജയിക്കണം. കഴിഞ്ഞ കളിയില്‍ ദല്‍ഹിയോട് 4-1നു തോറ്റതിന്റെ ക്ഷീണത്തില്‍ ടീം. കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ കളിക്കുന്നതിന്റെ ആവേശമുണ്ട് ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസിക്ക്. ആതിഥേയരെ മറികടക്കാമെന്ന പ്രതീക്ഷയും.
















