കൊച്ചി: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി 2012ല്‍ നല്കിയ പൊതുതാല്പര്യഹര്ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. മാറാട് അരയസമാജവും ആക്രമണത്തില്‍ പരിക്കേറ്റ ്രപജുവും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
കൂട്ടക്കൊലയ്ക്ക് പിന്നില്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന, വലിയ തോതിലുള്ള സാമ്പത്തിക ഇടപാട്, ആയുധ ഇടപാട്, വിദേശബന്ധം എന്നിവ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണം നടത്താന്‍ സിബിഐക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കൂട്ടക്കൊലയ്ക്ക് ബാഹ്യശക്തികളുടെ ഇടപെടലുകളും രാഷ്ട്രീയ സ്വാധീനവും കാരണമായതായി ഹര്ജിക്കാരന് സംശയിക്കുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഏകാംഗ കമ്മീഷനും ശരിയായ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.
സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍പ് നല്കിയ ഹര്‍ജികള്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നതായുള്ള സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് സിബിസിഐഡി നടത്തുന്ന അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്നും, പുരോഗതിയില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു നേരത്തെ സിബിഐക്ക്. യുപിഎ സര്‍ക്കാരിനുമേല്‍ ഉണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരുന്നു, ഇത്. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നശേഷം മാറാട് കൂട്ടക്കൊല അന്വേഷിക്കാന്‍ സിബിഐ തയ്യാറായി. ആഗസ്റ്റ് പത്തിനാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അറിയിച്ചത്.
എന്നാല്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങള്‍ക്കു ബന്ധമുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് എസ്പി സി.എം. പ്രദീപ്കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന രാജ്യാന്തര ബന്ധമുള്ള വന്‍ ശൃംഖല കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിബിഐ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), റോ, ഐബി എന്നിവ സംയുക്തമായി കേസ് അന്വേഷിക്കണമെന്ന് മാറാട് കമ്മീഷന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതാണെന്നും പ്രദീപ്കുമാര്‍ കോടതിയെ അറിയിച്ചു.
2003 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. ഏകപക്ഷീയമായിരുന്നു കൊല. ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരെ കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: