മാറാട് കൂട്ടക്കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട ഹൈക്കോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്നുറപ്പാണ്. 13 വര്‍ഷമായി ഇത്തരമൊരു തീരുമാനമുണ്ടാകാന്‍ കേരളം ആഗ്രഹിക്കുകയാണ്. 2003 മെയ് രണ്ടിന് ജോലിയെല്ലാം കഴിഞ്ഞ് കടപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരുന്നവരെയാണ് അക്രമിസംഘം ആഞ്ഞുവെട്ടിയത്. എട്ടുപേര്‍ തല്‍ക്ഷണം മരിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് വെട്ടേറ്റു. സന്ധ്യയ്ക്ക് മങ്ങിയവെളിച്ചത്തില്‍ നടത്തിയ അക്രമത്തിനിടയില്‍ അക്രമികളിലൊരാളെയും ആളുമാറി വെട്ടിയിരുന്നു.
തദ്ദേശീയനല്ലാത്ത അയാളും മരണപ്പെട്ടു. മാപ്പിള ലഹളയ്ക്കുശേഷം ഹിന്ദുക്കള്‍ക്കെതിരെ ഇത്രയും നിഷ്ഠുരമായ അക്രമം ഉണ്ടായിട്ടില്ല. അക്രമികളെത്തിയതും കൃത്യം നടത്തി മടങ്ങിയതും ആസൂത്രിതമായിരുന്നു. സംഭവം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷനും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതുസംബന്ധിച്ച് അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ സബിഐ അന്വേഷണം ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും ക്രമപ്രകാരമല്ലാത്തതിനാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഹൈക്കോടതിയ്ക്ക് ലഭിച്ച പൊതുതാല്പര്യ ഹര്‍ജിപ്രകാരമാണ് സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കലാപത്തിനു പിന്നിലെ ഗൂഢാലോചനയ്ക്കുപുറമെ ദേശസുരക്ഷാ പ്രശ്നങ്ങളും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആദ്യം കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാട് മാറ്റിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്. കലാപത്തിനു പിന്നില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നിട്ടുണ്ടെന്നു മാറാട് അന്വേഷണ കമ്മിഷന് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയാറാകുന്നതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തതോടെയാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി സന്നദ്ധമായത്. ഐഎസ്ഐയ്ക്കും രാജ്യാന്തര മതതീവ്രവാദ സംഘടനകള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഹര്ജിക്കാരന് കൊളക്കാടന്‍ മൂസ ഹാജി ആരോപിച്ചിരുന്നു.
കലാപങ്ങളില്‍ ആള്‍നാശവും വന്‍തോതില്‍ സ്വത്തു നഷ്ടവുമുണ്ടായി. മാറാട് മേഖലയിലെ സാമുദായിക സൗഹൃദാന്തരീക്ഷം തകര്‍ന്നു. സാമുദായിക, രാഷ്ട്രീയ ശക്തികളുടെ ഇടപെടലിനെത്തുടര്‍ന്ന് കേസുകളില്‍ ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചതും ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. നിരപരാധികളെ കൊന്നുതള്ളിയതിനു പിന്നിലുളള ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും രാജ്യാന്തര ബന്ധവുമൊക്കെ അന്വേഷിക്കണമെന്ന് ഹിന്ദു സംഘടനകളും ബിജെപിയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്.
മാറാട് സംഭവം സിബിഐയ്ക്ക് വിടാന്‍ ആവശ്യപ്പെടുക മാത്രമല്ല, നിരന്തരം പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. എട്ടുപേര്‍ വധിക്കപ്പെട്ടിട്ടും ഒരു തിരിച്ചടിയും അന്നുണ്ടാകാത്തത് ഇന്നത്തെ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഇടപെടലും സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവും കൊണ്ടാണ്. ഇപ്പോഴത്തെ തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ ഉജ്വലവിജയമാണ്.
മാറിമാറി ഭരിച്ച ഇരുമുന്നണികളും ഇതിനോട് മുഖം തിരിക്കുകയായിരുന്നു. സ്വന്തം മുന്നണിയിലെ ഉന്നത നേതാക്കളുടെ പേരു പുറത്തുവരുമെന്ന ഭീതിയിലാണ് ഈ ആവശ്യം അവര്‍ നിരാകരിച്ചത്. എന്നാല്‍ നീതിപീഠം ഇത് അംഗീകരിച്ചതോടെ സത്യം പുറത്തുവരുമെന്ന് ആശിക്കാം. മാറാട് കേസിലെ ഏതാനും പ്രതികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ഉന്നയിക്കപ്പെട്ട ഗുരുതരമായ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടച്ചത് അത്ഭുതകരമാണ്. പണവും ആയുധവും ആള്‍ക്കാരും പലസ്ഥലത്തുനിന്നും എത്തിയതാണ്. ഇതിന്റെ പിന്നിലാരാണെന്ന് തെളിയിക്കപ്പെട്ടില്ല. 2003 ഒക്ടോബര്‍ ആദ്യവാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിക്കപ്പെട്ട മുഖ്യ ആവശ്യമായിരുന്നു സിബിഐ അന്വേഷണം.
നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അന്വേഷണം സിബിഐയ്ക്ക് വിടാതിരിക്കാനുള്ള നിയമോപദേശമാണ് ശേഖരിച്ചത്. അത്തരം കുതന്ത്രങ്ങള്‍ക്കെല്ലാം മറുപടിയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ തീരുമാനം. ഇനി സിബിഐ അന്വേഷിക്കട്ടെ, കുറ്റക്കാരാരൊക്കെയെന്ന് വ്യക്തമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: