കണ്ണൂര്‍: അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങാനായി ബാങ്കുകളില്‍ വന്‍ തിരക്ക്. ബാങ്ക് തുറക്കുന്നതിന് മുമ്പായി വളരെ നേരത്തെയെത്തിയ ജനക്കൂട്ടം മണിക്കൂറുകള്‍ക്കകം വന്‍ ക്യൂവായി മാറുകയായിരുന്നു. തിരക്കേറിയതോടെ പല സ്ഥലങ്ങളിലും ഉന്തും തള്ളും അനുഭവപ്പെട്ടു. ദൈനംദിനാവശ്യങ്ങള്‍ക്ക് പണമില്ലാത്തതാണ് പലരെയും രാവിലെ തന്നെ ബാങ്കുകള്‍ക്ക് മുന്നിലേക്ക് ആകര്‍ഷിച്ചത്. 20 കോടിരൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ ഇന്നലെ രാവിലെ ജില്ലയിലെ വിവിധ ബാങ്കുകളിലേക്ക് എസ്ബിഐ മുഖേന എത്തിച്ചെങ്കിലും ഇത് തീര്‍ത്തും അപര്യാപ്തമായിരുന്നു. ഒരു കോടി രൂപ നല്‍കണമെന്ന പോസ്റ്റോഫീസിന്റെ ആവശ്യം അംഗീകരിക്കാതെ ജില്ലയിലെ പോസ്റ്റോഫീസുകള്‍ക്ക് ആകെ 35 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. എസ്ബിഐ, എസ്ബിടി ശാഖകളില്‍ മാത്രമാണ് ആദ്യം പണം വിതരണം ആരംഭിച്ചത്. പിന്നീടാണ് മറ്റു ബാങ്കുകളില്‍ പണം ലഭ്യമായത്. ബാങ്കുകളുടെ പ്രധാന ശാഖകളിലെല്ലാം കൂടുതല്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. മാത്രമല്ല ബാങ്കുകളുടെ പ്രവൃത്തി സമയം വൈകീട്ട് ആറുമണിവരെ നീട്ടിയിട്ടുണ്ട്. അതേസമയം, പുതിയ നോട്ടുകള്‍ ഇന്ന് എടിഎമ്മുകളില്‍ ലഭ്യമാകും. ഇന്നലെയും എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചില്ല.
പഴയ നോട്ടുകളോടൊപ്പം പ്രത്യേക ഫോറം പൂരിപ്പിച്ച് നല്കിയാല് മാത്രമേ പുതിയ നോട്ടു ലഭിക്കൂ. ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് എന്നിവയിലൊന്ന് തിരിച്ചറിയല്‍ കാര്‍ഡായി സ്വീകരിക്കും.ജില്ലയിലെ എല്ലാ ടൗണുകളിലും ബാങ്കുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ ഉള്‍പ്പെടെയുളള ടൗണുകളിലെ ദേശസാല്‍കൃത ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വൈകുന്നേരം വരെ നല്ല തിരക്കായിരുന്നു. എസ്ബിടി കണ്ണൂര്‍ ശാഖക്ക് മുന്നില്‍ രാവിലെ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെതുള്പ്പെടെ എല്ലാ ദേശസാല്കൃ ബാങ്കുകളുടേയും ശാഖകള്‍ക്ക് മുന്നിലെല്ലാം നീണ്ട ക്യൂവാണുണ്ടായത്. തലശേരിയിലും തളിപ്പറമ്പിലും എസ്ബിഐ ബാങ്ക് ശാഖക്ക് മുന്നില്‍ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ബാങ്കിങ് പ്രക്രിയ സാധാരണ നിലയിലേക്കെത്താന്‍ മൂന്നാഴ്ചയെങ്കിലുമെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: