തിരൂര്‍: തെരുവുനായ കടിച്ച പശു പേവിഷബാധയേറ്റ് ചത്തു. വാരണാക്കര സ്വദേശി നീര്‍ക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെ മൂന്ന് വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ പശുവാണ് ചത്തത്.
കഴിഞ്ഞ 17ന് പറമ്പില്‍ മേയുന്നതിനിടെ തെരുവുനായയുടെ കടിയേറ്റിരുന്നു. ഇത് വീട്ടുകാര്‍ കാര്യമായെടുത്തില്ല. പക്ഷേ ഇതിന് ശേഷം പശുവില്‍ ഓരോ മാറ്റം അനുഭവപ്പെടാന്‍ തുടങ്ങി, തുടര്‍ന്ന് മൃഗഡോക്ടറെ അറിയിക്കുകയും, ഡോക്ടറെത്തി പശുവിനെ പരിശോധിച്ച് പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. വാക്സിനേഷന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രോഗം മൂര്‍ച്ചിക്കുകയും ഉച്ചയോടെ പശു ചത്തു. ഉമിനീര്, മൂത്രം, പാല് എന്നിവയില്‍ നിന്നോ കടിയേല്‍ക്കുകയോ ചെയ്താലേ രോഗം ബാധിക്കുകയുള്ളൂവെന്നും ജനങ്ങള്‍ക്കു ആശങ്കപ്പെടേണ്ടതില്ലെന്നും വളവന്നൂര്‍ വെറ്റിനറി ഡോക്ടര്‍ എ.ജെ.ജാന്‍സി പറഞ്ഞു. പശുവിന്റെ ഉടമയും കുടുംബവും കുത്തിവെപ്പെടുത്തിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നല്കി. നാട്ടുകാരുടെ ആശങ്ക അകറ്റാന്‍ ബോധവത്ക്കരണ പരിപാടി നടത്തുമെന്നും അക്രമകാരികളായ നായകളെ കൊല്ലാന്‍ നടപടി സ്വീകരിച്ച് വരുന്നതായും വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബിറ പറഞ്ഞു.
കഴിഞ്ഞ പതിനേഴാം തിയതി ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വാരണാക്കരയില്‍ തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതേ ദിവസമാണ് ഈ പശുവിനും കടിയേറ്റത്. മൂന്ന് പേര്‍ക്കും വാക്സിനേഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പേവിഷബാധയേറ്റ് പശു ചത്തതോടെ നാട്ടുകാരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: