കോയമ്പത്തൂര്‍: 32-ാമത് ദേശീയ ജൂനിയര്‍ മീറ്റിന് ഇന്ന് കോയമ്പത്തൂരില്‍ തുടക്കം. ഗോപാലപുരത്തെ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 3000ത്തിലേറെ താരങ്ങള്‍ അഞ്ച് ദിവസത്തെ മീറ്റില്‍ മാറ്റുരയ്ക്കും. പാലക്കാട്ട് പരിശീലനത്തിനു ശേഷം മൂന്ന് കെഎസ്ആര്‍ടിസി ബസുകളിലായാണ് കേരളമെത്തിയത്. പാലക്കാട്ടെ കാലാവസ്ഥയുമായി സാമ്യമുള്ളതാണ് കോയമ്പത്തൂരിലേതും. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ അഞ്ചാം കിരീടം സ്വപ്നം കാണുന്നു.
മീറ്റിന്റെ ചരിത്രത്തില്‍ 22-ാം ചാമ്പ്യന്‍പട്ടം മോഹിക്കുന്ന കേരളം ഏറ്റവും വലിയ സംഘവുമായാണ് എത്തുന്നത്, 179 പേര്. 180 പേരായിരുന്നു ടീമിലുണ്ടായിരുന്നതെങ്കിലും ഉഷ സ്കൂളിന്റെ ഷഹര്‍ബാന സിദ്ദീഖ് പിന്മാറിയതോടെ ഒരാള്‍ കുറഞ്ഞു. 93 ആണ്‍കുട്ടികളും 86 പെണ്‍കുട്ടികളും സംഘത്തിലുണ്ട്. കഴിഞ്ഞ തവണ റാഞ്ചിയില്‍ നേടിയതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 403 പോയിന്റുമായി ഓവറോള്‍ കിരീടം നേടിയത്. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും കൈക്കലാക്കി. പെണ്‍കുട്ടികളുടെ കരുത്തിലായിരുന്നു നേട്ടം. പെണ്‍കുട്ടികളുടെ അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളില്‍ കേരളം ഒന്നാമതായി.
ഇത്തവണയും അതു തുടരുമെന്ന് പ്രതീക്ഷ. അതേസമയം, കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും കേരളത്തിന് ഒന്നാമതെത്താനായില്ല. ഇത്തവണ അതിന് ഒരു മാറ്റമുണ്ടാവുമെന്ന് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
ഇന്ന് 19 ഫൈനല്‍
മീറ്റിന്റെ ആദ്യദിനം തുടങ്ങുന്നത് 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 5000 മീറ്ററോടെ. തൊട്ടുപിന്നാലെ ഇതേവിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്റര്‍. ആദ്യ ഇനത്തില്‍ തന്നെ സ്വര്‍ണ പ്രതീക്ഷയില്‍ കേരളം. പെണ്‍കുട്ടികളില്‍ സാന്ദ്ര പി. മാത്യുവും ആണ്‍കുട്ടികളില്‍ ഷെറിന് ജോസും ധര്‍മ്മരാജും കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരാനിറങ്ങും.
തുടര്‍ന്ന് അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഡിസ്ക്കസ്ത്രോ, പെണ്‍കുട്ടികളുടെ ഹൈജമ്പ്, അണ്ടര്‍ 14 ആണ് ലോങ്ജമ്പ്, അണ്ടര്‍ 16 വിഭാഗം ഹൈജമ്പ്, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ജാവലിന്‍ത്രോ ഫൈനലുകള്‍.
ഉച്ചയ്ക്കുശേഷം അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവലിന്‍ത്രോ, ഹൈജമ്പ്, അണ്ടര്‍ 20 ആണ് ഷോട്ട്പുട്ട്, അണ്ടര്‍ 16 പെണ് ലോങ്ജമ്പ്, അണ്ടര്‍ 18, 20 വിഭാഗം ആണ്, പെണ് 1500 മീറ്റര്‍, അണ്ടര്‍ 20 പെണ് ഷോട്ട്പുട്ട്, അണ്ടര്‍ 16 ആണ്-പെണ് 2000 മീറ്റര്‍ ഫൈനല്‍ എന്നിവ ആദ്യ ദിവസത്തെ മത്സരങ്ങള്‍.
ദേശീയ ജൂനിയര്‍-സ്കൂള്‍ മീറ്റുകളില്‍ മിന്നിത്തിളങ്ങിയ കെ.എസ്. അനന്ദു, ഡൈബി സെബാസ്റ്റ്യന്‍, ബബിത. സി, അനുമോള്‍ തമ്പി, ലിസ്ബത്ത് കരോലിന് ജോസഫ്, ഐശ്വര്യ പി.ആര്, ഗായത്രി ശിവകുമാര്‍, അപര്‍ണ റോയ്, അഞ്ജലി പി.ഡി, മേഘ മറിയം മാത്യു, അഭിനവ്. സി, പ്രണവ്. കെ.എസ് തുടങ്ങിയവര്‍ കേരളത്തിനായി ട്രാക്കിലും ഫീല്ഡിലുമിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: