ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍
കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം. എതിരാളികള്‍ കഴിഞ്ഞ ദിവസം പരാജപ്പെടുത്തിയ എഫ്‌സി ഗോവ. രാത്രി ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് കിക്കോഫ്.
അവസാന അഞ്ച് മത്സരങ്ങളില്‍ നാലും എവേ മത്സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരത്തില്‍ ജയിക്കുകയും ഒരെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണം സമനിലയില്‍ പിരിയുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരുടെ ആവേശവും മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ ഇന്ന് സ്‌റ്റേഡിയത്തില്‍ മഞ്ഞക്കടലിരമ്പാനാണ് സാധ്യത.
എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവ 7 പോയിന്റുമായി ഏറ്റവും പിന്നില്‍ എട്ടാമത്. 9 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാമത്. ഇന്ന് ആര് ജയിച്ചാലും അവര്‍ പട്ടികയില്‍ മുന്നേറും. ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കും ഗോവ ജയിച്ചാല്‍ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്കും.
എട്ട് മത്സരത്തില്‍ നിന്നും രണ്ട് വിജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. എഫ്‌സി ഗോവക്ക് എട്ടു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും.
ആദ്യ പാദത്തിലെ എവേ പോരില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-1 ന് ഗോവയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സ്വന്തം തട്ടകത്തില്‍ വീണ്ടും ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ദല്‍ഹി ഡൈവനാമോസിനെതിരെ 2-0ന്റെ തോല്‍വി വഴങ്ങേണ്ടിവന്നത് ടീമില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. പരാജയമറിയാത്ത അഞ്ച് മത്സരങ്ങള്‍ക്കുഷേമായിരുന്നു ടീമിന്റെ തോല്‍വി.
പ്രതിരോധത്തിലെ വിള്ളലും ഗോളിയുടെ പിഴവും മധ്യനിരയുടെ മോശം പ്രകടനവും ആക്രമണ നിരയുടെ ലക്ഷ്യം പിഴച്ചതും ദല്‍ഹിക്ക് മുന്നില്‍ തിരിച്ചടിയായി. പരുക്കിനെ തുടര്‍ന്ന് മാര്‍ക്വീതാരവും നായകനുമായ ആരോണ്‍ ഹ്യൂസ് സൈഡ് ബെഞ്ചിലിരുന്നതാണ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്. സെഡ്രിക് ഹെങ്ബര്‍ട്ടും ഹോസു കുരിയാസും സന്തോഷ് ജിങ്കനും അദ്ധ്വാനിച്ചു കളിച്ചെങ്കിലും ഹ്യൂസിന്റെ അഭാവം പ്രതിരോധത്തില്‍ നിഴലിച്ചു. തന്റെ ജന്മദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കാന്‍ ഹ്യൂസ് ഇന്നും കളിക്കാനില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ പ്രതിരോധം കാക്കാനായി ഹ്യൂസ് നാട്ടിലേക്ക് പറന്നു. ആക്രമണനിരയില്‍ തിളങ്ങിയിരുന്നു ഡക്കന്‍ നാസണും ഹെയ്തി ദേശീയ ടീമിന്റെ ജേഴ്‌സി അണിയാന്‍ പോയി.
എഎഫ്‌സി കപ്പ് ഫൈനലിനുശേഷം മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടുമില്ല. ചെന്നൈയിന് എതിരായ അടുത്ത മത്സരത്തിലേ ഇരുവരുടെയും സേവനം ലഭ്യമാകൂ. ഹ്യൂസിന്റെയും നാസന്റെയും അഭാവത്തിനൊപ്പം ഇരുവരും ടീമിനൊപ്പം ചേരാത്തതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. ഹ്യൂസിന്റെ പകരക്കാരനായി ഇങ്ങുന്ന താരത്തിന് ഏറെ അധ്വാനിക്കേണ്ടി വരും. മുഹമ്മദ് റാഫിയായിരിക്കും സ്‌ട്രൈക്കറായി ഇറങ്ങുക. റാഫി മികച്ച കളി കാഴ്ചവെക്കുന്നുണ്ടെങ്കിലും ഷൂട്ടിങ്ങില്‍ പരാജയമാണ്. എങ്കിലും ദല്‍ഹിക്കെതിരേ കളിച്ച ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പകരക്കാരുടെ ബഞ്ചില്‍ ആളില്ലാത്തത് തന്നെ പ്രശ്‌നം.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തോല്‍വികളില്‍പെട്ട് നട്ടം തിരിഞ്ഞ എഫ്‌സി ഗോവ അവസാനം കളിച്ച അഞ്ച് കളികളില്‍ രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വികളും വഴങ്ങി. എങ്കിലും അവസാന മത്സരത്തില്‍ പൂനെ സിറ്റിയെ അവരുടെ നാട്ടില്‍ചെന്ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സീക്കോയും കൂട്ടരും. നിലവില്‍ ഏറ്റവും പിന്നിലുള്ള നിലവിലെ റണ്ണേഴ്‌സുകളായ എഫ്‌സി ഗോവക്ക് അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യം. എന്നാല്‍ ടീം പരിക്കിന്റെ പിടിയിലാണ്. മാര്‍ക്വീ താരം ലൂസിയോ, ജൂലിയോ സെസാര്‍, റെയ്‌നാള്‍ഡോ, ജോഫ്രെ എന്നിവര്‍ ഇന്ന് കളിക്കാനിറങ്ങില്ലെന്നാണ് സൂചന.
എങ്കിലും കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഇരുടീമുകളും ഏറ്റമുട്ടിയപ്പോള്‍ നേടിയ തകര്‍പ്പന്‍ വിജയവും ഗോവയുടെ ആത്മവിശ്വാസം കൂട്ടുന്നു. 5-1നായിരുന്നു കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ ഗോവന്‍ പടയോട്ടം. ഇരുടീമുകളും തമ്മില്‍ ഇതിനകം ഏറ്റുമുട്ടിയ അഞ്ച്— മത്സരങ്ങളില്‍ മൂന്നിലും എഫ്‌സി ഗോവക്കായിരുന്നു ജയം. ബ്ലാസ്‌റ്റേഴ്‌സ്—രണ്ടെണ്ണത്തില്‍ ജയിച്ചു. ഇരുടീമുകളും തമ്മില്‍ ഇതുവരെ സമനില പങ്ക്—വെച്ചിട്ടില്ല.
















