Jpeg
പുനലൂര്‍: കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍മാണം നടത്തിയതിന്റെ പണം നല്‍കാത്തതിനാല്‍ മധുര റയില്‍വേ ഡിവിഷനിലെ ഇടമണ്‍-തെന്‍മല റീച്ചിലെ പാലം പണികള്‍ നിര്‍ത്തി. ഇതോടെ അടുത്തവര്‍ഷം ആദ്യം പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടുമെന്നത് പ്രഖ്യാപനമായേക്കും. പകുതിയിലധികം പണികള്‍ പൂര്‍ത്തിയായ ആറ് കണ്ണറ പാലം, മൂന്ന് കണ്ണറ പാലം, ഐഷാ പാലം എന്നിവയുടെ നിര്‍മാണമാണ് മുടങ്ങിയത്. പാലങ്ങളുടെ നിര്‍മാണം നടത്തുന്ന സബ് കരാറുകാര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു കോടിയിലധികം രൂപ വീതം കുടിശിഖ വന്നതോടെയാണ് പണികള്‍ മുന്നോട്ട് കൊണ്ടു പോകാനാകാതെ വന്നത്. ഇതോടെ ഇവര്‍ പണികള്‍ നിര്‍ത്തിവച്ചു. മധുര ഡിവിഷന്റെ കീഴില്‍ വരുന്ന ഈ റീച്ചില്‍ പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് പണം ലഭിക്കാത്തതിനാല്‍ പണികള്‍ നിലക്കുന്നത്. ചില മേഖലയില്‍ എര്‍ത്ത് വര്‍ക്കുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കോണ്‍ക്രീറ്റിങിന് പറഞ്ഞുറപ്പിച്ച തുകയില്‍ നിന്നും മൂന്നിലൊന്ന് തുക കുറച്ചാണ് നല്‍കിയതെന്നും തൊഴിലാളികള്‍ക്ക് ആഹാരം നല്‍കുന്നതിനായി പലചരക്ക് വാങ്ങിയ വകയില്‍ തന്നെ ലക്ഷങ്ങള്‍ നാട്ടിലെ വിവിധ കടകളില്‍ നല്‍കാനുണ്ടെന്നും മെയിന്‍ കോണ്‍ട്രാക്ടറില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുവാനുള്ള പണം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഏഴോളം സബ് കോണ്‍ട്രാക്ടര്‍ തെന്മല പോലീസില്‍ പരാതി നല്‍കി. പണികള്‍ നിലച്ചതോടെ തെന്മല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്‍, എം.നാസര്‍ഖാന്‍, വിബ്ജിയോര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരാറുകാരും പോലീസുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്ന് വരുകയാണ്.
















