രാജ്‌കോട്ട്: ബുധനാഴ്ച തുടങ്ങുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ രാജ്‌കോട്ടില്‍. ഇന്ത്യന്‍ ടീമംഗങ്ങള്‍ ശനിയാഴ്ചയോടെ എല്ലാവരും എത്തിയപ്പോള്‍, ഇംഗ്ലണ്ട് ഇന്നലെയെത്തി.
നായകന്‍ വിരാട് കോഹ്‌ലിയുടെ 28ാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടാണ് ഇന്ത്യ ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ശനിയാഴ്ചയായിരുന്നു ആഘോഷം. കാമുകി അനുഷ്‌ക ശര്‍മയും ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇന്നലെ മുതല്‍ ടീം രാജ്‌കോട്ടില്‍ പരിശീലനം തുടങ്ങി. കിവികളെ തുരത്തിയ ടീമില്‍ ചിലരില്ലെങ്കിലും സമതുലിതമാണ് ടീം.
ബംഗ്ലാദേശില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഇംഗ്ലണ്ട് ടീം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ആദ്യ ദിവസം എല്ലാവരും എത്തിയില്ലെങ്കിലും, ശനിയാഴ്ച നിര്‍ബന്ധിത പരിശീലനം. പരിക്കില്‍ നിന്നു മുക്തനായ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആദ്യ ടെസ്റ്റിനു മുന്‍പ് ടീമിനൊപ്പം ചേരുമെന്ന വാര്‍ത്ത അവരെ ആവേശം കൊള്ളിക്കുന്നു. എന്നാല്‍, വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിലേ ആന്‍ഡേഴ്‌സണ്‍ കളിക്കാന്‍ സാധ്യതയുള്ളു.
















