ആലപ്പുഴ: നഗരത്തിലെ ഫുട്പാത്തുകളില്‍ ഭൂരിഭാഗവും തകര്‍ന്ന് വാരിക്കുഴികളായി മാറി. ആയിരക്കണക്കിന് ആളുകള്‍ ദിവസേന സഞ്ചരിക്കുന്ന ഫുട്പാത്തുകള്‍ പോലും തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കുന്നതിനുള്ള നടപടികളായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് നഗരത്തിലെ ഫുട്പാത്തുകളുള്ളത്. ഫുട്പാത്തുകളുടെ സ്ഥിതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പതിപ്പിക്കാറില്ല.
എസ്ഡിവി സ്‌കൂളിനു മുന്‍വശം, ജില്ലാ കോടതി പാലത്തിനു സമീപം, കളക്ടറേറ്റിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് ഫുട്പാത്തുകള്‍ തകര്‍ന്നിരിക്കുന്നത്. കളക്ടറേറ്റിനു സമീപം ഫുട്പാത്ത് തകര്‍ന്നു രൂപപ്പെട്ട കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബിന്റെ ഭാഗമായ കമ്പികള്‍ നില്‍ക്കുന്നതിനാല്‍ കുഴിയില്‍ വീഴുന്നവര്‍ക്കു മാരകപരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
പകല്‍ സമയത്തേക്കാള്‍ രാത്രികാലങ്ങളിലാണ് അപകട സാധ്യതയേറെയും. നൂറുകണക്കിനു ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജില്ലാ കേന്ദ്രത്തിനു സമീപത്തെ ഫുട്പാത്ത് തകര്‍ന്നത് സംബന്ധിച്ചു നിരവധി പരാതികള്‍ ഇതിനകം ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള നടപടി മാത്രം ഇതുവരെ ഉണ്ടായിട്ടില്ല.
എസ്ഡിവി സ്‌കൂളിനു സമീപത്തെ ഫുട്പാത്ത് തകര്‍ന്ന് രൂപപ്പെട്ട കുഴികള്‍ സമീപത്തെ വ്യാപാരികള്‍ കല്ലുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന പാതയാണ് ഇത്തരത്തില്‍ അപകടാവസ്ഥയിലായിരിക്കുന്നത്. ജില്ലാ കോടതി പാലത്തിനു തെക്കേക്കരയില്‍ പടിഞ്ഞാറുഭാഗത്തേക്കുള്ള ഫുട്പാത്ത് ക്ലീന്‍ ചെയ്യുന്നതിനായി സ്ലാബുകള്‍ നീക്കം ചെയ്ത സമയത്ത് സ്ലാബുകളില്‍ ഒന്ന് തകര്‍ന്നത് ഇതുവരെയും നന്നാക്കിയിട്ടില്ല.
ഇവിടെ തകര്‍ന്ന സ്ലാബ് ഉള്‍പ്പെടെ ഫുട്പാത്തിനു മുകളില്‍ കൂട്ടിയിരിക്കുന്നതിനാല്‍ റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
















