വിജയസ്മിതം: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീം ട്രോഫിയുമായി
സിംഗപ്പൂര്‍ സിറ്റി: ഏഷ്യന്‍ ഹോക്കിയിലെ ഇന്ത്യന്‍ മേധാവിത്വം പൂര്‍ണം. വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടവും ഇന്ത്യ സ്വന്തമാക്കി. ആവേശകരമായ ഫൈനലില്‍ ചൈനയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ദീപികയാണ് വിജയ ഗോള്‍ നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചൈനയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി കൂടിയായി ജയം. ദീപ് ഗ്രേസ് എക്കയും ഇന്ത്യക്കായി ലക്ഷ്യം കണ്ടു.
ആവേശകരമായിരുന്നു മത്സരം. കഴിഞ്ഞ കളിയിലെ തോല്‍വി ബാധിക്കാതിരിക്കാന്‍ തുടക്കം മുതലേ ശ്രമിച്ചു വന്ദന കതാരിയ നയിച്ച ടീം. 13ാം മിനിറ്റില്‍ അതിനു ഫലവും കണ്ടു. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ദീപ് ഗ്രേസ് എക്ക സ്‌കോര്‍ ചെയ്തു. പകുതി സമയം വരെ ലീഡ് നിലനിര്‍ത്താനും ടീമിനായി.
മത്സരത്തിലേക്കു തിരിച്ചെത്തിയ ചൈന 44ാം മിനിറ്റില്‍ ഒപ്പമെത്തി. ഇന്ത്യന്‍ പ്രതിരോധത്തെ പിളര്‍ത്തി മനോഹരമായ ഫീല്‍ഡ് ഗോളിലൂടെ ഷോങ് മെങ്‌ലിങ് സ്‌കോര്‍ ചെയ്തു. അവശേഷിച്ച സമയത്ത് ജയത്തിനായി ഇരു ടീമുകളും പൊരുതി. അധിക സമയമെന്ന വാള്‍മുന മുന്നില്‍ നില്‍ക്കെ ഇന്ത്യ വിജയ ഗോള്‍ നേടിയത്. ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ചൈനീസ് പ്രതിരോധം വിഫലമാക്കിയപ്പോള്‍ തിരിച്ചുവന്ന പന്ത് പിടിച്ചെടുത്ത് സൂപ്പര്‍ താരം ദീപിക ലക്ഷ്യത്തിലെത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ ടീമിനെ അഭിനന്ദിച്ചു.
















