കണ്ണൂര്‍: മാതൃഭാഷയോടുള്ള മലയാളികളുടെ അവഗണനയ്‌ക്ക് കാരണം മാനസിക അടിമത്തത്തമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വജ്രകേരളം-മലയാളദിനം -ഭരണഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൃഷ്ണമേനോന്‍ കോളേജ് മലയാള വിഭാഗം എന്നിവയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മാനസികമായ അടിമത്തത്തില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല.ഡാഡി മമ്മി സംസ്‌കാരം അതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാതൃഭാഷ പഠിക്കാതെ ബിരുദം നേടാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. നൂതനപഠനങ്ങളും പരിപാടികളും തയ്യാറാക്കി ഭാഷയുടെ വികസനത്തിന് പുതുതലമുറ ശ്രമിക്കണം. പദവി നല്‍കപ്പെടുന്നതിന് മുന്‍പ് തന്നെ മലയാളം ശ്രേഷ്ഠഭാഷയാണ്, എന്നാല്‍ മലയാളഭാഷയുടെ ഉയര്‍ച്ചയ്‌ക്ക് കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മലയാളം ഒന്നാം ഭാഷയാകുന്നതില്‍ താല്‍പ്പര്യമില്ലാത്തവരാണ് ഉന്നത ഉദ്യേഗസ്ഥരില്‍ പലരും. മാതൃഭാഷയുടെ വളര്‍ച്ചയ്‌ക്ക് മലയാളികള്‍ ഒന്നായി പരിശ്രമിക്കണമെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
ഭരണഭാഷ, കോടതി വ്യവഹാരഭാഷ എന്നിവ മലയാളത്തിലാക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ വന്‍പുരോഗതി നേടി എന്ന് പറയപ്പെടുമ്പോഴും വായിച്ചാല്‍ മനസിലാകാത്ത തരത്തിലാണ് ഇന്നും കോടതി ഭാഷ. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ പറ്റില്ലെന്നതാണ് മറ്റൊരു പൊള്ളയായ വാദം. ലോകോത്തര യൂനിവേഴ്‌സിറ്റികള്‍ നമ്മുടെ നാടുകളില്‍ ഇല്ലാതെ പോകുന്നത് ഇത്തരം തെറ്റിദ്ധാരണകള്‍ കൊണ്ടാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു. സ്വന്തം ഭാഷയുടെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാകാത്തിടത്തോളം കാലം വാരാചരണങ്ങളില്‍ മാത്രമായി ഭാഷാ സ്‌നേഹം ഒതുങ്ങിപ്പോകുമെന്നും ടി.പത്മനാഭന്‍ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ കെ.എം രാഘവന്‍ നമ്പ്യാര്‍, ഞാറ്റ്യേല ശ്രീധരന്‍ എന്നിവരെ ആദരിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷതവഹിച്ചു. മാതൃഭാഷ, സംസ്‌കാരം എന്ന വിഷയത്തില്‍ മലയാള സര്‍വ്വകലാശാല സംസ്‌കൃത പൈതൃകപഠന വിഭാഗം മേധാവി ഡോ.കെ.എം ഭരതന്‍ പ്രഭാഷണം നടത്തി. മുരളി കാടാച്ചിറ അമ്മ മലയാളം കവിത അവതരിപ്പിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പ്രൊഫ. എ.പി ശ്രീകല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പതനാഭന്‍, അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.
















