കൊട്ടിയം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പാങ്കോണം ഗ്രാമസഭാ യോഗം മറ്റൊരു വാര്‍ഡിലെ സ്ഥലത്ത് വച്ച് കൂടിയതായി പരാതി. 65 പേര്‍ മാത്രമാണ് ഇന്നലെ വൈകിട്ട് 3.30ന് നടന്ന പാങ്കോണം ഒമ്പതാം നമ്പര്‍ വാര്‍ഡ്തല ഗ്രാമസഭക്കെത്തിയത്. മുഖത്തല എല്‍പി സ്‌കൂളിലാണ് ഗ്രാമസഭ സാധാരണയല്ലാത്ത വിധം നടന്നത്. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തന്നെ ഒരു റോഡിനുതന്നെ ഇരുവശത്തുമായുള്ള 10,11 വാര്‍ഡുകളുടെ ഗ്രാമസഭകളാണ് ഈ സ്‌കൂളില്‍ സാധാരണ നടത്താറുള്ളത്. വാര്‍ഡിലെ എല്ലാവര്‍ക്കും പങ്കെടുക്കാനാകുംവിധം വാര്‍ഡിന്റെ മധ്യഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തുവെച്ചാണ് ഗ്രാമസഭ കൂടാറുള്ളത്. ഗുണഭോക്തൃ ലിസ്റ്റ് ചര്‍ച്ച ചെയ്യാനായി കൂടിയ ഈ സാമ്പത്തികവര്‍ഷത്തെ പ്രധാനപ്പെട്ട ഗ്രാമസഭയാണ് ചില ആളുകള്‍ മാത്രം പങ്കെടുത്ത് പിരിഞ്ഞത്. പാങ്കോണം വാര്‍ഡ് സഭയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ആളെത്തി എന്ന് രേഖയുണ്ടാക്കാന്‍, ചില രാഷ്‌ട്രീയ കക്ഷികളുടെ ആളുകളായി എത്തിയതാണെന്നും പരാതിയുണ്ട്. സാധാരണ കൂലിപ്പണിക്കാരായവരാണ് വാര്‍ഡില്‍ അധികവും. എന്നാല്‍ ഇവര്‍ക്ക് പങ്കെടുക്കാനാവുന്ന തരത്തിലല്ല പ്രവര്‍ത്തിദിനത്തില്‍ വൈകിട്ട് 3.30ന് ഗ്രാമസഭ കൂടിയത്. സാധാരണപോലെ ആളുകളെ കൂട്ടാന്‍ ഗ്രാമസഭയുടെ സംഘാടക സമിതിക്ക് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പാങ്കോണം ഗ്രാമസഭ സാധാരണ ചാണിക്കല്‍ ഭാഗത്തുവെച്ചാണ് നടത്താറുള്ളത്. സിപിഎം ഭരിക്കുന്ന തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ വനിതാ വാര്‍ഡാണ് പാങ്കോണം. ഇവിടെ സിപിഎമ്മിന്റെ പ്രതിനിധിയായ എസ്.ഷീലയാണ് അംഗം.
















