പത്തനാപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം. ഇത്തവണയും ഇടത്താവളം ഒരുങ്ങിയിട്ടില്ല. കല്ലുംകടവ് കേന്ദ്രമാക്കി പത്തനാപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം നിര്‍മ്മിക്കുമെന്ന എംഎല്‍എയുടേയും പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെയും പദ്ധതികള്‍ ഇക്കുറിയും പ്രഖ്യാപനത്തിലൊതുങ്ങി. അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുവാനും വിരിവയ്‌ക്കാനും മേഖലകളിലെ കടത്തിണ്ണകളും മരത്തണലും തന്നെ ശരണം എന്ന അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം ബിജെപിയും വിവിധ ഹിന്ദുസംഘടനകളും ഇടത്താവളത്തിനായി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. വരും വര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് അന്ന് ചില പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. അന്നത്തെ സമരങ്ങള്‍ക്കിടെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കല്ലുംകടവിലെ റവന്യൂ പുറംപോക്ക് ഭൂമി ഇടത്താവളം നിര്‍മിക്കുന്നതിനായി അളന്ന് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടാകാത്തത് മൂലം ഈ പദ്ധതി പ്രഖ്യാപനത്തില്‍ അവസാനിച്ചു.
വര്‍ഷങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് എല്ലാ ബജറ്റിലും കല്ലുംകടവില്‍ ഇടത്താവളം നിര്‍മിക്കാന്‍ തുക വകയിരുത്താറുണ്ട്. കഴിഞ്ഞവര്‍ഷവും അഞ്ച് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി ഒരുരൂപ പോലും ചിലവഴിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കുറിയും ഇതിനായി നീക്കി വച്ചിരിക്കുന്ന പണം വര്‍ഷാവസാനം വകമാറ്റി ചെലവാക്കും. ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണുള്ളത്.
പ്രഖ്യാപനങ്ങളല്ലാതെ തുടര്‍നടപടികള്‍ ഒന്നുമില്ല. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിനവും ഇതുവഴിയെത്തുന്നത്. കല്ലുംകടവില്‍ പഞ്ചായത്ത് ഭൂമിയും റവന്യൂ പുറംപോക്ക് ഭൂമിയും ഇഷ്ടംപോലെ വെറുതെ കിടക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാതെ പ്രഖ്യാപനത്തിലൊതുക്കുന്നത്.
പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയ തുക മുഴുവന്‍ ചിലവഴിച്ചില്ലെങ്കിലും കുറച്ച് വിനിയോഗിച്ച് കല്ലുംകടവിലെ പഴയ പാലവും പരിസരവും വൃത്തിയാക്കി പാലത്തിനോട് ചേര്‍ന്ന് തോട്ടിലേക്ക് ഇറങ്ങുന്നതിനായി പടവുകള്‍ നിര്‍മ്മിച്ച് കുളിക്കുന്നതിനുളള സൗകര്യമൊരുക്കാം. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സ്വകാര്യബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാം. പണിതീര്‍ന്ന് കിടക്കുന്ന സാസ്‌കാരിക നിലയത്തില്‍ വരുന്ന രണ്ട് മാസക്കാലത്തേക്ക് വിരിവക്കുന്നതിനും വിശ്രമിക്കുന്നതിനുമായുള്ള വേണ്ട ക്രമീകരണങ്ങളും ചെയ്യാനാകും. മണ്ഡലകാലത്തിന് മുന്‍പ് തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള സൗകര്യമൊരിക്കിയില്ലങ്കില്‍ ശക്തമായ സമരപാടികളുമായി ബിജെപി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് സമിതി പ്രസിഡന്റ് സതീഷ് മഞ്ചളളൂര്‍, ജനറല്‍ സെക്രട്ടറി വിഷ്ണു പുന്നക്കര എന്നിവര്‍ പറഞ്ഞു.
















