എരുമേലി: പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുര്‍ന്ന് തോട്ടം തൊഴിലാളികള്‍ മാനേജര്‍മാരെ തടഞ്ഞുവച്ചു. ബുധനാഴ്ച പതിനൊന്ന് മണിയോടെ ചെറുവള്ളി തോട്ടത്തിലായിരുന്നു സംഭവം.
ചെറുവള്ളി സ്വദേശിയായ കളത്തില്‍ സി. റ്റി മീരാന്റെ മകള്‍ ഷെഹന (14) ക്കാണ് തോട്ടം അധികൃതര്‍ ചികില്‍സ നിഷേധിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷെഹനയെ ഇന്നലെ വീണ്ടും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി അധികൃതരെ അറിയിച്ചെങ്കിലും പെണ്‍കുട്ടിയുടെ കൂടെ ആശുപത്രിയില്‍ പോകാന്‍ മാതാപിതാക്കളെ സമ്മതിക്കാഞ്ഞതാണ് സംഭവത്തിനു കാരണമെന്നും തൊഴിലാളികള്‍ പറഞ്ഞു.
പെണ്‍കുട്ടിയോടൊപ്പം ആശുപത്രിയിലെ ജീവനക്കാരെ വിടാമെന്ന് തോട്ടം മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞുവെങ്കിലും രക്ഷിതാക്കള്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് തങ്ങളെ കൂടെ വിടണമെന്നും പറഞ്ഞുവെങ്കിലും ഇത് സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ മാനേജര്‍മാരെ ഓഫീസിനുള്ളില്‍ രാത്രി വൈകിയും തടഞ്ഞു വച്ചിരിക്കുകയാണ്.
എന്നാല്‍ രാത്രി വൈകിയും പെണ്‍കുട്ടിക്ക് മതിയായ ചികിത്സാ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് എരുമേലി എസ്.ഐ ജെര്‍ലിന്‍ വി. സ്‌ക്കറിയയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. എന്നാല്‍ ആശുപത്രിയില്‍ പോകുന്നതിന്റെ പേരില്‍ ജോലി ചെയ്യാതെ (ജോലി ചെയ്തതായി അംഗീകരിക്കുന്നത് )പേര് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാതാണ് സംഭവത്തിന് കാരണമെന്നും മാനേജര്‍ ജേസി ഫിലിപ്പി പറഞ്ഞു. ആനുകൂല്യം ലഭിക്കാന്‍ ചിലര്‍ തൊഴില്‍ തര്‍ക്കം ഉണ്ടാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
















