ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ എടിഒയെ സിഐടിയു നേതാക്കള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എടിഒയുടെ ചേമ്പറില്‍ ഉദ്യോഗസ്ഥരുടെ മീറ്റിങ്ങ് നടക്കുന്നതിനിടെയായിരുന്നു കയ്യേറ്റശ്രമം. ചേമ്പറില്‍ കടന്ന സിഐടിയു നേതാക്കള്‍ എടിഒക്ക് നേരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സെക്യൂരിറ്റിയും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നു. പരുമല പെരുന്നാളിനോടനുബന്ധിച്ച് അനുവദിച്ച സ്‌പെഷ്യല്‍ സര്‍വ്വീസിന് രണ്ട് ഡ്യൂട്ടി നല്‍കണമെന്നും ആയത് സറണ്ടര്‍ ചെയ്ത് പണം നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനറല്‍ കട്രോളിങും ഇന്‍പെക്ടര്‍മാരും എടിഒയുടെ ചേമ്പറില്‍ അടിയന്തര മീറ്റിങ്ങ് കൂടുമ്പോഴാണ് യൂണിയന്‍ നേതാക്കള്‍ അതിക്രമിച്ച് എടിഒയുടെ ചേമ്പറില്‍ കയറിയതും അക്രമത്തിന് മുതിര്‍ന്നതും.
















