ആലപ്പുഴ: സ്വന്തം പുരയിടത്തിലേക്ക് കടന്നു നില്‍ക്കുന്ന മരത്തിന്റെ ശിഖരം വെട്ടിമാറ്റണമെന്ന ആവശ്യപ്പെട്ട ഗൃഹനാഥനെയും വീട്ടമ്മയെയും അയല്‍വാസിയും ബന്ധുക്കളും വീടുകയറി ആക്രമിച്ചു. ആര്യാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളംകേരി വീട്ടില്‍ കെ.വി. പ്രസന്നന്‍, ഭാര്യ ലീലാമണി എന്നിവര്‍ക്കാണ് പരിക്കേറ്റത്, ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
പരിക്കേറ്റ ഇരുവരും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ വീട്ടിലേക്ക് നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന് അയല്‍വാസിയോട് ആവശ്യപ്പെട്ടിട്ട് അത് ചെയ്തില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്തിലും കത്ത് നല്‍കിയപ്പോള്‍ അയല്‍വാസി അയാളുടെ ഭാര്യയുടെ പിതാവിനെയും, സഹോദരനെയും വിളിച്ചു വരുത്തി വീട്ടില്‍ തന്റെ മകന്‍ ഇല്ലാതിരുന്ന സമയത്ത് ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രസന്നന്‍ പറഞ്ഞു.
വീടിന്റെ ജനല്‍ ചില്ലകളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. ഭാര്യയുടെ കൈയ്‌ക്കും തോളിനും പരിക്കേറ്റു. ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
















