മക്കളേ, ഈശ്വരനെ അറിയുകയാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്തുവാനായി ഋഷിമാരും ശാസ്ത്രങ്ങളും വിവിധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സനാതനധര്‍മ്മത്തില്‍ എല്ലാവര്‍ക്കും ഒരേ മാര്‍ഗമല്ല പറഞ്ഞിരിക്കുന്നത്. ഒരേതരം വസ്ത്രമോ ഒരേതരം ഭക്ഷണമോ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഒരേ വലിപ്പമുള്ള ചെരുപ്പും എല്ലാവര്‍ക്കും ചേരില്ല. അതുപോലെ ഒരേതരം ആദ്ധ്യാത്മിക സാധന സകലര്‍ക്കും യോജിക്കുകയില്ല. മാത്രമല്ല, അത് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നു വരാം. അതിനാല്‍ ആദ്ധ്യാത്മിക സാധനകള്‍ ശീലിക്കുന്നത് ഗുരുവിന്റെ നിര്‍ദ്ദേശത്തോടെയായിരിക്കണം.
സത്യത്തെ അറിഞ്ഞവരാണ് ഗുരുക്കന്മാര്‍. അനുഭവമാണ് അവരുടെ വാക്കുകള്‍ക്ക് ബലം നല്‍കുന്നത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ സാധനാമാര്‍ഗമെന്താണെന്ന് അവര്‍ക്കറിയാം. ഒരാളെ കാണുമ്പോള്‍ത്തന്നെ അയാള്‍ക്ക് ധ്യാനമോ ജപമോ പ്രാര്‍ത്ഥനയോ പ്രാണായാമമോ ഏതാണ് യോജിച്ചതെന്നു ഗുരുവിനറിയാന്‍ സാധിക്കും. ഓരോരുത്തരുടെയും മാനസികതലവും അഭിരുചിയും ശരീരഘടനയും കണക്കിലെടുത്തിട്ടാണ് ഗുരുക്കന്മാര്‍ അവരനുഷ്ഠിക്കേണ്ട സാധനാക്രമം ഉപദേശിക്കുന്നത്.
ചിലര്‍ക്ക് പ്രാണായാമം ഗുണകരമായിരിക്കും. എന്നാല്‍, മറ്റുചിലര്‍ അത് അഭ്യസിക്കുന്നത് ഹാനികരമാണ്. അതുകൊണ്ട് പ്രാണായാമം ചെയ്യുമ്പോള്‍ സാധകര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ഹൃദ്രോഗമുള്ളവരും രക്തസമ്മര്‍ദ്ദമുള്ളവരുമുണ്ടാകും. അതറിഞ്ഞു മാത്രമേ ഗുരു അവര്‍ക്കുവേണ്ട ഉപദേശം നല്‍കുകയുള്ളൂ. ശിഷ്യന്മാര്‍ക്കു പ്രാണായാമം നിര്‍ദ്ദേശിക്കുന്നതിനു മുന്‍പായി ഗുരു അവരുടെ ശ്വാസഗതി അതിസൂക്ഷ്മമായി നിരീക്ഷിച്ചുനോക്കും. അതിനുശേഷം മാത്രമേ പ്രാണായാമം ഉപദേശിക്കണോ ഉപദേശിച്ചാല്‍തന്നെ ഏതു വിധത്തില്‍ ഉപദേശിക്കണം എന്നൊക്കെ നിശ്ചയിക്കുകയുള്ളൂ.
















