കോഴിക്കോട്: ചേവര മ്പലം തോട്ടില്‍പീടിക-മമ്മളിത്താഴം പ്രദേശങ്ങളിലെ തണ്ണീര്‍ത്തടം നികത്തി വിദ്യാഭ്യാസ കോംപ്ലക്സ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിലാണ് പദ്ധതിക്കായി നിര്‍ദ്ദേശമുള്ളത്. 10 ഹെക്ടര്‍ പ്രദേശത്തായി വിദ്യാഭ്യാസ കോംപ്ലക്സ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം. പദ്ധതിക്കായി ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടവും കൃഷിഭൂമിയും നശിപ്പിക്കേണ്ടിവരും. ഇത് സമീപ പ്രദേശങ്ങളില്‍ കനത്ത കുടിവെള്ളക്ഷാമത്തിന് വഴിവെക്കും. 125 ഓളം കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും.
മിച്ചഭൂമി ഉള്‍പ്പെെടയുള്ള പ്രദേശങ്ങളും ഇതില്‍പ്പെടും. പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും പരിസ്ഥിതിയെ നശിപ്പിച്ചുമുള്ള പദ്ധതിയെ അംഗീകരിക്കാനാവില്ല. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും തങ്ങളുടെ ആശങ്കകള്‍ ടി.പി. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവുമായി പങ്കുവെച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം സഘടിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തിരുമാനം.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, മണ്ഡലം ഭാരവാഹികളായ വി. സുരേഷ്കുമാര്‍, സനില്‍കുമാര്‍ എന്നിവരും ബിജെപി സംഘത്തിലുണ്ടായിരുന്നു.
കൗണ്‍സിലറും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഇ. പ്രശാന്ത്കുമാര്‍, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.പി. ബാലകൃഷ്ണന്, കമ്മിറ്റി അംഗങ്ങളായ കെ. രമേശന്, പി. നിഷിത്ത് കുമാര്‍, നാട്ടുകാരായ മുഹമ്മദ്, കാര്‍ത്ത്യായനി അമ്മ, കെ. പ്രേമ, പി. പി. ശാന്ത, സൗമിനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സംഘമാണ് ബിജെപി സംഘത്തോട് പരാതികള്‍ പങ്കുവെച്ചത്.
















