മലയിന്‍കീഴ്: സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവിറ്റ് കോണ്‍ഗ്രസ് പഞ്ചായത്തംഗം അരലക്ഷം തട്ടിയെടുത്തു. മലയിന്‍കീഴ് പഞ്ചായത്തിലെ മാവോട്ടുകോണം വാര്‍ഡ് മെമ്പര്‍ നടുക്കാട് അനിലാണ് തേവുപാറ ശുദ്ധജല സംഭരണി സ്ഥിതിചെയ്യുന്ന പഞ്ചായത്തുവക അന്‍പതു സെന്റ് ഭൂമിയില്‍ നിന്നിരുന്ന 52 മരങ്ങള്‍ അരലക്ഷം രൂപയ്‌ക്ക് മുറിച്ചുവിറ്റത്.
കാടുമൂടിക്കിടന്ന കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള തേവുപാറയിലെ ജലസംഭരണി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയിലെ കാടുവെട്ടിത്തെളിക്കുവാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി നടുക്കാട് അനിലിനെയാണ് പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ജലസംഭരണിക്ക് ചുറ്റുമുണ്ടായിരുന്ന അല്‍ക്വേഷ്യ, ആഞ്ഞില്‍, ചീലാന്തി തുടങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കി. മുറിച്ചിട്ട മരങ്ങള്‍ കഴിഞ്ഞദിവസം അന്തിയൂര്‍കോണത്തെ സ്വകാര്യ തടിമില്ലിന് വിറ്റു. പഞ്ചായത്ത് അനുമതിയുണ്ടെന്ന് മില്ലുടമയെ വിശ്വസിപ്പിച്ചായിരുന്നു വില്‍പന.
തടിമില്ലില്‍ മെമ്പര്‍ വില്‍പ്പനയ്‌ക്ക് കൊണ്ടുവന്ന മരങ്ങള്‍ എവിടെനിന്നെന്ന അന്വേഷണമാണ് നാട്ടുകാരെ തേവുപാറയിലെ സര്‍ക്കാര്‍ ഭൂമിയിലെത്തിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും മലയിന്‍കീഴ് എസ്‌ഐ ഷാനിഫിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ മരങ്ങള്‍ മുറിച്ചുവിറ്റതിന് സെക്രട്ടറി പോലീസില്‍ പരാതിനല്‍കി. സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
















