കപ്പാട്: വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ്് യുവാവിന് ഗുരുതര പരിക്ക്. കപ്പാട് മൂഴിക്കാട് പറപ്പള്ളില്‍ അനീഷിന്റെ(32) കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അനീഷിന്റെ ഇടതു കാലില്‍ അറുപത് തുന്നലുകള്‍ വേണ്ടിവന്നു.
കപ്പാട് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റോഡരുകില്‍ എടുത്തിട്ടിരുന്ന കുഴിയിലാണ് അനീഷ് വീണത് . മഴ പെയ്ത് വെള്ളം കെട്ടികിടന്നതിനാല്‍ അനീഷിന് കുഴി കാണാന്‍ കഴിഞ്ഞില്ല. കുഴിയില്‍ ഇടതുകാല് വീണ് സാരമായി പരുക്കേറ്റ അനീഷിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൂലിപ്പണിക്കാരനായ അനീഷും, കഴിഞ്ഞ അഞ്ചുവര്‍ഷമായി തളര്വാതംപിടിപെട്ട് കിടപ്പിലായ അച്ഛന് കുട്ടപ്പായിയും മാത്രമാണ് വീട്ടിലുള്ളത്. അവിവാഹിതനായ അനീഷിന്റെ അമ്മ മരിച്ചു പോയി.അനീഷിന് പരുക്കേറ്റതോടെ വരുമാനവും നിലച്ച സ്ഥിതിയാണ്.അച്ഛന്റെ മരുന്നിനും വീട്ടിലെ ചിലവിനും അനീഷിന്റെ കൂലിപ്പണിയായിരുന്നു ഏക വരുമാന മാര്‍ഗ്ഗം.
കാളകെട്ടി വൈദ്യുതി സെക്ഷന്റെ കീഴില്‍ വരുന്ന കപ്പാട് മൂന്നാംമൈല്‍, നാലാംമൈല്‍ പ്രദേശങ്ങളില്‍ പുതിയ 11 കെവി ലൈന്‍ വലിക്കുവാന്‍ ദിവസങ്ങള്‍ക്കു മുമ്പ് റോഡ് സൈഡില്‍ നാല്പതോളം കുഴികളെടുത്തിരുന്നു. എന്നാല്‍, വൈദ്യുതി പോസറ്റ് യഥാസമയം സ്ഥാപിക്കാന്‍ അധികൃതര്‍ക്കായില്ല. എത്രയും വേഗം പോസ്റ്റ് മാറ്റി സ്ഥാപിച്ച് കുഴികള്‍ മൂടണമെന്നും, അനീഷിന് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















