കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ പോലീസിനെ അറിയച്ചതിനെ തുടര്‍ന്ന് രേഖകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. യുണൈറ്റഡ് അറബ് ട്രാവല്‍ ആന്റ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുള്ളവയാണ് ഇവയെന്ന് പോലീസ് പറയുന്നത്.
കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിക്ക് സമീപമുള്ള തോട്ടിലാണ് എസ്എസ്എല്‍സി ബുക്ക്, ഡിഗ്രി, നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുടെ നൂറുകണക്കിന് പകര്‍പ്പുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രികളുടെ ഉള്‍പ്പടെ ഒട്ടേറെ ഫോട്ടോകളും ഇതോടൊപ്പം കണ്ടെത്തി. വിദേശത്ത് വിവിധ ജോലികള്‍ക്കായി ട്രാവല്‍ ഏജന്‍സിയില്‍ നല്‍കിയ അപേക്ഷകളും അതോടൊപ്പം നല്‍കിയ രേഖകളും ഫോട്ടോകളുമാണ് ഉപേക്ഷിച്ചരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നു ചാക്കുകളിലാക്കിയാണ് പോലീസ് ഇവ സ്റ്റേഷനിലെത്തിച്ചത്. സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പളം സ്വദേശികളെ കബളിപ്പിച്ച സംഭവത്തില്‍ ഈ സ്ഥാപനത്തിനെതിരെ അന്വേഷണം നടന്നു വരുന്നുണ്ട്. ഈ സ്ഥാപനത്തിനെതിരെ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇവ കാലാവധി കഴിഞ്ഞതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ട്രാവല്‍ ഏജന്‍സി ഉടമ പറയുന്നത്.
















