പൊന്‍കുന്നം: കാശ്മീരില്‍ നിന്നെത്തിയ ആപ്പിള്‍പ്പെട്ടിയിലെ ആപ്പിളുകളൊന്നില്‍ ഭാരത വിരുദ്ധ പരാമര്‍ശം രേഖപ്പെടുത്തിയ സംഭവത്തില്‍ ദേശവിരുദ്ധക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കശ്മീരില്‍ നിന്ന് പൊന്‍കുന്നം കൂരാലിയിലെ ബേക്കറിയിലെത്തിയ 15 കിലോയുടെ ആപ്പിള്‍പ്പെട്ടിയിലെ ആപ്പിളിലാണ് ‘ഇന്ത്യന്‍ ഡോഗ്‌സ് ഗോ ബാക്ക്’ എന്ന് ഇംഗ്ലീഷില്‍ മാര്‍ക്കര്‍ പേന കൊണ്ടെഴുതിയിരുന്നത്. കൂടാതെ ഇതേ ആപ്പിളില്‍ ഉര്‍ദുവിലും മറ്റെന്തൊക്കെയോ കുറിച്ചിട്ടുണ്ട്.
സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് കേസെടുത്തത്. പൊന്‍കുന്നം സിഐ റ്റി. റ്റി. സുബ്രഹ്മണ്യം, എസ്‌ഐ എ.സി. മനോജ് എന്നിവരാണ് കേസന്വേഷിക്കുന്നത്. കടയില്‍ സ്ഥിരമായി പഴങ്ങള്‍ കൊണ്ടുവരുന്ന മൊത്തക്കച്ചവടക്കാരനില്‍ നിന്നു ലഭിച്ച ആപ്പിള്‍പ്പെട്ടിയില്‍ നിന്നാണ് ഭാരത വിരുദ്ധ പരാമര്‍ശമുള്ള ആപ്പിള്‍ കിട്ടിയത്.
















