കണ്ണൂര്‍: ഒരുസംഘം പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ ബിനാമികളായി മാറുന്ന കാഴ്ചയാണ് കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. പോലീസിനു നേരെ അക്രമം നടന്നെന്ന വ്യാജ പ്രചാരണം നടത്തി, പലതവണ സിപിഎം അക്രമത്തിന് വിധേയനായി അംഗവൈക്യലം വന്ന് കിടപ്പിലായ കതിരൂര്‍ നായനാര്‍ റോഡിലെ കുറ്റിയാടന്‍ ബിജുവിനെ അകാരണമായി വീട്ടില്‍ നിന്ന് മാതാവിന്റെ മുന്നില്‍വെച്ച് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത സംഭവം ഇതാണ് വ്യക്തമാക്കുന്നത്. പോലീസിന്റെ ഈ നടപടി പരിഷ്‌കൃത സമൂഹത്തിനും പോലീസ് സംവിധാനത്തിനും യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ അനങ്ങാന്‍ വയ്യാതായ ബിജു ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അതിക്രമത്തില്‍ ബിജുവിന്റെ അമ്മയ്‌ക്കും ഇളയമ്മയ്‌ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി.സത്യപ്രകാശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















