തലശ്ശേരി: ഫ്രീഡം ഫ്രം വെയിസ്റ്റ് കാമ്പയിന്റെ ഭാഗമായി തലശ്ശേരി നഗരസഭയില്‍ എന്റെ നഗരം സുന്ദര നഗരം പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ക്യാരി ബാഗ് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ നഗരസഭ നേരിട്ട് ശേഖരിക്കുന്ന പരിപാടി ഇന്നലെ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റ് പരിസരത്ത് നടന്ന യോഗത്തില്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു.
പരിപാടികളുടെ ഭാഗമായി നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥയില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ-രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മുതല്‍ ആഴ്ചയിലെ മൂന്ന് ദിവസം നഗരസഭ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത്വെച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരസഭാ വാഹനത്തില്‍ ശേഖരിക്കും. പരിപാടിയോട് മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
















