കാര്യാലയ സമര്‍പ്പണ സമ്മേളനത്തില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പ്രഭാഷണം നടത്തുന്നു
ചെങ്ങന്നൂര്‍: സംഘപ്രവര്‍ത്തനത്തില്‍ പുതിയ അദ്ധ്യായം തുറന്ന് വിഭാഗ് കാര്യാലയം സമര്‍പ്പിച്ചു. സ്വന്തമായി ഒരു കാര്യാലയം ചെങ്ങന്നൂരിലെ സ്വയംസേവകരുടെ സ്വപ്‌നമായിരുന്നു. അത് നിറവേറ്റപ്പെട്ടു.
1989ല്‍ ആലപ്പുഴ, പത്തനംതിട്ട റവന്യൂ ജില്ലകളെ ചേര്‍ത്തുകൊണ്ട് ശബരിഗിരി വിഭാഗ് രൂപീകരിച്ച ശേഷം സ്വയംസേവകരുടെ ആഗ്രഹമായിരുന്നു സ്വന്തം കാര്യാലയം എന്നത്. ശബരിഗിരി വിഭാഗിന്റെ കേന്ദ്രമായ ചെങ്ങന്നൂരിന്റെ പ്രഭാവത്തിന് അനുയോജ്യമായ കാര്യാലയത്തിന്റെ സമര്‍പ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി നിര്‍വ്വഹിച്ചു.
ചെങ്ങന്നൂരിലെ സംഘപ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്ന കാര്യാലയത്തിന്റെ സമര്‍പ്പണം പ്രവര്‍ത്തകര്‍ ഉത്സവമാക്കി. പരിപാടിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നു. പുതിയ കാര്യാലയത്തിന്റെ കിഴക്കുഭാഗത്താണ് വിശാലമായ വേദി തയ്യാറാക്കിയിരുന്നത്. സംഘത്തിന്റെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും അഖിലഭാരതീയ, ക്ഷേത്രീയ, സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി ഉദ്ഘാടനം ചടങ്ങ് വീക്ഷിക്കന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.
സമ്മേളനത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു. വലിയ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമായി ആയിരക്കണക്കിന് സംഘപ്രവര്‍ത്തകരും അമ്മമാരും കുട്ടികളും പങ്കെടുത്തു. സംഘ വീഥിയില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ധീര ബലിദാനികളുടെ പാവന സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ശബരിഗിരി വിഭാഗ് കാര്യാലയം.
ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി സി.സി. ശെല്‍വന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍. പ്രദീപ്, കാര്യകാരി അംഗങ്ങളായ എം.ആര്‍. പ്രസാദ്, ജെ.മഹാദേവന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ കെ.സോമന്‍, അശോകന്‍ കുളനട, ബിഎംഎസ് ജില്ലാ പ്രസിഡന്റുമാരായ പി. രാജശേഖരന്‍, എ.എസ്. രഘുനാഥന്‍, സെക്രട്ടറി സി.ജി. ഗോപകുമാര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
















