ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ തിങ്കളാഴ്ച 4101 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത 443 താറാവുകളെ സംസ്‌കരിച്ചു. ചെറുതനയില്‍ 32 ചത്ത താറാവുകളെയാണ് സംസ്‌കരിച്ചത്. പള്ളിപ്പാട് ചത്ത 48 താറാവുകളെ സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ രോഗം ബാധിച്ച 3,267 താറാവുകളെ കണ്ടെത്തി വേര്‍പെടുത്തി സംസ്‌കരിച്ചു. ചെറുതനയില്‍ 230 ഉം പള്ളിപ്പാട് 81ഉം താറാവുകളെ വേര്‍പെടുത്തി സംസ്‌കരിച്ചു. ഇന്ന് ആകെ 3,578 താറാവുകളെ നീക്കിയ ശേഷം സംസ്‌കരിച്ചപ്പോള്‍ 523 ചത്ത താറാവുകളെ സംസ്‌കരിച്ചു. ഇന്നത്തേതുള്‍പ്പടെ 17,996 താറാവുകളെ ഇതുവരെ ദ്രുതകര്‍മസേന രോഗം കണ്ടെത്തി സംസ്‌കരിച്ചു. 13109 ചത്ത താറാവുകളെയാണ് സംഘം ഇതുവരെ സംസ്‌കരിച്ചതെന്ന് നോഡല്‍ ഓഫീസറായ ഡോ.ഗോപകുമാര്‍ പറഞ്ഞു. ആകെ 31,105 താറാവുകളെയാണ് രോഗബാധമൂലം ജില്ലയില്‍ സംസ്‌കരിച്ചത്.
പക്ഷിപ്പനി ബാധിച്ച വണ്ടാനം നാലുപാടം പ്രദേശത്ത് താറാവുകള്‍ വീണ്ടും കൂട്ടമായി ചാകുന്നു. ഇന്നലെ രണ്ടായിരത്തോളം താറാവുകള്‍ ചത്തു. ചത്തതാറാവുകളെ ബ്ലീച്ചിങ് പൗഡറിട്ട് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ് കര്‍ഷകര്‍. അസുഖം ബാധിച്ച താറാവുകളെ കൊന്ന് തീയ്യിട്ട് നശിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇവിടെ ഇത് പ്രാവര്‍ത്തികമായിട്ടില്ല. അസുഖം ബാധിച്ച താറാവുകള്‍ ചാകുന്നതല്ലാതെ ഇവയെ കൊല്ലാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഇന്നലെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തോളം കര്‍ഷകര്‍ക്കായി ആകെ അമ്പതിനായിരത്തോളം താറാവുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ അയ്യായിരത്തിലധികം താറാവുകളാണ് ഈ പ്രദേശത്ത് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് ചത്തത്.
കര്‍ഷകരെ സംരക്ഷിക്കണം:
ബിഡിജെഎസ്
ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളിലെയും കരിനിലങ്ങളിലെയും നെല്ല് അടിയന്തരമായി സംഭരിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളില്‍ നിന്ന് അവരെ രക്ഷിക്കണമെന്ന് ബിഡിജെഎസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പക്ഷിപ്പനിമൂലം ചത്ത താറാവുകളുടെ എണ്ണം തിട്ടപ്പെടുത്തി താറാവുകര്‍ഷകരുടെ നഷ്ടം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍. രാജേഷ് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. വത്സലകുമാര്‍, ജില്ലാ സെക്രട്ടറി ടി.സി. രാജേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
താറാവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്
അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്ത വണ്ടാനംനാലുപാടം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് അസുഖം ബാധിച്ച പ്രദേശത്തെ എല്ലാ താറാവുകളെയും കൊന്നൊടുക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അസുഖം ബാധിച്ചതാറാവുകളെ മാത്രം കൊല്ലുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
















