ചെമ്മനാട്: കുനിയില്‍ കരക്കക്കാല്‍ പാലിച്ചിയടുക്കം റോഡിന്റെ റീ ടാറിംഗ് ഉടന്‍ ആരംഭിക്കണമെന്ന് ബിജെപി ചെമ്മനാട് പഞ്ചായത്ത് ബൂത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ടാറിംഗിന് ആവശ്യമായ തുക ഈ റോഡിന്റെ റീ ടാറിംഗ് നടത്തുവാന്‍ വേണ്ടി അനുവദിച്ചിട്ട് മാസങ്ങളായി. ഇതിന്റെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കുമെന്നിരിക്കെ ഇതുവരെയായിട്ടും അതികൃതര്‍ റീ ടാറിംഗ് നടത്തുവാനുള്ള ഒരു തീരുമാനവും കൈ കൊണ്ടിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര് ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. റോഡിന്റെ പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ചെമ്മനാട് മാരാര്‍ജി ഭവനില്‍ വെച്ച് ചേര്‍ന്ന ബൂത്ത് കണ്വെന്ഷന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന് കൈന്താര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, മണി കാവുങ്കാല്‍, ഇന്ദിര കുഞ്ഞിരാമന് തൊടുക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ശശിധരന് തട്ടില്‍ സ്വാഗതവും ഗോപി കൈന്താര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: