കോഴിക്കോട്: ഡ്രൈവര്‍മാരുടെ അമിതവേഗവും ശ്രദ്ധയില്ലായ്‌മയുമാണ് അറുപത് ശതമാനം റോഡപകടങ്ങള്‍ക്കും കാരണമെന്ന് കോഴിക്കോട് ആര്‍ടിഒ സി.ജെ. പോള്‍സണ്‍ അഭിപ്രായപ്പെട്ടു. റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി ട്രോമാ കെയര്‍ കോഴിക്കോടും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ട്രെക്ടര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടിയിലധികം വാഹനങ്ങള്‍ ഇന്ന് നിരത്തില്‍ ഓടുന്നുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ പലര്‍ക്കും റോഡ് നിയമങ്ങള്‍ കൃത്യമായി അറിയില്ല. പുതിയ തലമുറയിലെ ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുന്നവരാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ട്രെക്ടര്‍. അതുകൊണ്ട് തന്നെ വാഹനം ഓടിക്കല്‍ മാത്രമല്ല മറിച്ച് വാഹനത്തെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചും പഠിപ്പിച്ച് പുത്തന്‍ ഡ്രൈവിംഗ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ഇന്‍സ്‌െട്രക്ടര്‍മാര്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ കൂടിവരുന്ന റോഡപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലീസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ട്രോമാകെയര്‍ പ്രസിഡന്റ് ആര്‍. ജയന്ത് അധ്യക്ഷത വഹിച്ചു. സി.എം. പ്രദീപ് കുമാര്‍, മോഹന്‍ കക്കോടി, ഇ.ആര്‍. സത്യകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റോഡ് സുരക്ഷ, ഫസ്റ്റ് എയ്ഡ്, ലീഡര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ജില്ലയിലെ 95 ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌െട്രക്ടര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്തു.
















