കണ്ണൂര്‍: കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയില്‍ നടന്ന സിപിഎം പരിശീലന ക്യാമ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. പാര്‍ട്ടി സഖാക്കള്‍ക്ക് പോലും പ്രവേശനം നിഷേധിച്ച ക്യാമ്പില്‍ വിവിധതരം ആയുധ പരിശീലനമാണ് നടന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
ആദ്യം ഇന്‍സ്‌പെക്ടര്‍മാരുടെ പരിശീലനവും അതിന് ശേഷം ഓരോ ലോക്കല്‍ കമ്മറ്റി പരിധിയില്‍ നിന്നും നൂറ്‌പേര്‍ക്ക് വീതം പരിശീലനം നല്‍കും എന്നുമാണ് സിപിഎം പറയുന്നത്. നിലവില്‍ അക്രമം നടത്താന്‍ തയ്യാറാകുന്ന ക്രിമിനല്‍ ടീമാണ് പാപ്പിനിശ്ശേരിയില്‍ പരിശീലനം നല്‍കിയത്. പ്രതിരോധ സേന എന്ന ഡിഫന്‍സ് കേഡറ്റുകളാണ് ജില്ലയില്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഓരോ ലോക്കല്‍ തലത്തിലും ഇത്തരത്തിലുള്ള ഡിഫന്‍സ് കേഡര്‍മാരെ നിയമിച്ച് ജില്ലയിലെ സമധാനം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പി.സത്യപ്രകാശ് ആരോപിച്ചു.
















