എടത്വാ: നെല്ലെടുപ്പിനെ ചൊല്ലി മില്ലുടമകള്‍ക്ക് നേരേ കൈയ്യേറ്റം. നെല്ലെടുക്കാനെത്തിയ ലോറി ഡ്രൈവറിന് മര്‍ദ്ദനമേറ്റെന്ന് പരാതി. കേരള സംസ്ഥാന പാഡി കളക്ഷന്‍ ഏജന്‍സികള്‍ നെല്ലെടുപ്പ് ബഹിഷ്‌കരിച്ചു.
മങ്കൊമ്പ് പാഡി ഓഫീസിന് സമീപത്തെ മൂലപൊങ്ങാമ്പ്ര പാടത്തെ നെല്ലെടുപ്പിനിടെയാണ് കൈയ്യേറ്റമുണ്ടായത്. പവിഴം റൈസിനുവേണ്ടി നെല്ലു സംഭരിക്കാനെത്തിയ ലോറിഡ്രൈവര്‍ കാലടിസ്വദേശി ഭാസുരാംഗന്‍, രാജന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഭാസുരാംഗനേയും, രാജനേയും പുളിങ്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച മൂന്നുമണിയോടുകൂടിയാണ് സംഭവം. ഈര്‍പ്പത്തിന്റെ പേരിലാണ് കര്‍ഷകരും മില്ലുടമകളും തമ്മില്‍ വാക്കേറ്റമുണ്ടായത്. രണ്ടുദിവസമായി സംഭരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. 30 ലോഡ് നെല്ല് കയറ്റി അയച്ചതിനുശേഷമാണ് കൈയ്യേറ്റംനടന്നത്.
27 ശതമാനം വരെ ഈര്‍പ്പമുള്ള നെല്ലുകള്‍ സംഭരിക്കെണമെന്നു പറഞ്ഞാണ് കര്‍ഷകര്‍ വക്കേറ്റമുണ്ടാക്കിയതെന്നും, 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പമുള്ള നെല്ല് സംഭരിക്കേണ്ടന്ന് സപ്ലേകോയുടെ നിര്‍ദ്ദേശമുണ്ടെന്ന് മില്ലുടമകള്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ലെന്നും, എന്നാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി 22 ശതമാനം വരെ ഇര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നുണ്ടന്നും മില്ലുടമകള്‍ പറഞ്ഞു.
കൈയ്യേറ്റത്തെ തുടര്‍ന്ന് കേരള സംസ്ഥാന പാഡി കളക്ഷന്‍ ഏജന്‍സ് അസോസിയേഷന്‍ നെല്ലെടുപ്പ് ബഹിഷ്‌കരിച്ചു. അസോയേഷന്‍ പ്രസിഡന്റ് ഡി. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. വി. വിജയകുമാര്‍, റോണി ജോര്‍ജ്ജ്, റോണാര്‍ഡ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
















