എടത്വാ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തല്‍ക്കാലികമായി നിര്‍ത്തിവെച്ച കുന്നുമ്മ റെയില്‍വേ അടിപ്പാത നിര്‍മ്മാണം നവംബര്‍ രണ്ടിന് തീരുമാനിക്കും. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കുന്നുമ്മ ജംഗ്ഷനുസമീപം സതേണ്‍റെയില്‍വേയുടെ അടിപ്പാത നിര്‍മ്മാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
ഇതിനിടയില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അലസിപ്പിരിഞ്ഞിരുന്നു. ഇതിനുശേഷം കുന്നുമ്മ നിവാസികള്‍ മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി. പരാതിയെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരേയും പരാതിക്കാരേയും വിളിച്ചുകൂട്ടി ചര്‍ച്ചനടത്തിയെങ്കിലും ഈ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു.
നവംബര്‍ രണ്ടിന് ഗവണ്‍മെന്റെ സെക്രട്ടറി സ്ഥലം നേരില്‍കണ്ട് പരിശോധിച്ചശേഷം തുടര്‍നിര്‍മ്മാണം നടത്താമെന്നാണ് തീരുമാനം. അടിപ്പാതനിര്‍മ്മാണം റെയില്‍വേ ഏറ്റെടുത്ത് നടത്തുമ്പോള്‍ കാര്‍ഷികമേഖലക്കോ, യാത്രക്കാര്‍ക്കോ തടസമായി തീരുന്ന നിലയില്‍ നിര്‍മ്മിക്കരുതെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അടിപ്പാത കടന്നുചെല്ലുന്ന അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ജലനിരപ്പില്‍ നിന്ന് താഴ്‌ത്തിയാണ് അടിപ്പാത നിര്‍മ്മാണം നടത്തിയതെന്നാരോപിച്ചാണ് കുന്നുമ്മ നിവാസികള്‍ നിര്‍മ്മാണം തടഞ്ഞത്.
കൂടാതെ അപ്രോച്ചുനിര്‍മ്മാണത്തിന് റെയില്‍വേ ഏറ്റെടുത്തെന്ന്പറഞ്ഞ സ്ഥലം വ്യാജമാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
















