ജ്ഞാനാംബിക’ കഴിഞ്ഞ് മലയാളിയുടെ വെള്ളിത്തിരയിലെത്തിയ ചിത്രം ‘പ്രഹ്ളാദ’യാണ്; 1941 ല്‍. അങ്ങനെയൊരു പ്രേരകശക്തിയായിരുന്നത് രണ്ട് ഉന്നത വ്യക്തികളായിരുന്നു. അന്നത്തെ തിരുവിതാംകൂറിലെ റീജന്റ് റാണി ലക്ഷ്മീഭായിയും ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുമായിരുന്നു അവര്‍. അവര്‍ക്ക് ഇങ്ങനെയൊരു ചിത്രത്തില്‍ താല്പര്യം തോന്നുന്നതിന് പുറകില്‍ കൊച്ചുകലാകാരിയോടുള്ള അദമ്യമായ വാത്സല്യമായിരുന്നു.
തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ആസ്ഥാന നര്‍ത്തകരായിരുന്നു ഗുരുഗോപിനാഥും പത്നി തങ്കമണിയും. അവരുടെ പ്രിയശിഷ്യയായിരുന്നു ലക്ഷ്മി എന്ന ആ കലാകാരി. സി.പി. രാമസ്വാമി അയ്യരുടെ പേഴ്സണല്‍ സ്റ്റാഫംഗവും പ്രത്യേക പ്രീതീപാത്രവുമായിരുന്ന ചിദംബരത്തിന്റെ പുത്രിയായിരുന്നു കുമാരി ലക്ഷ്മി. കവടിയാര്‍ കൊട്ടാരത്തില്‍ ഗുരു ഗോപിനാഥും തങ്കമണിയും ചേര്‍ന്ന് ലക്ഷ്മിയുടെ നൃത്തപരിപാടി അവതരിപ്പിച്ചു. അതുകണ്ട റീജന്റ് റാണിക്ക് കുട്ടിയുടെ നൃത്തം ഇഷ്ടപ്പെട്ടു. ആ കുട്ടിയെ പ്രോത്സാഹിപ്പിക്കണമെന്നു മനസ്സുകൊണ്ടുറച്ചു.
അതിനകം മറുഭാഷാചിത്രങ്ങള്‍ (അധികവും വിദേശി) അപൂര്‍വ്വമായെങ്കിലും നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ ചിത്രങ്ങള്‍ കണ്ടും ഒരുപക്ഷെ തിരുവിതാംകൂറിന് പുറത്തേക്കുള്ള യാത്രാവേളകളില്‍ അവിടെ പ്രാപ്യമായ ചിത്രങ്ങള്‍ കണ്ടും റാണിയ്ക്കു ചലച്ചിത്ര മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച് ബോധ്യം തോന്നുകയും ഈ മാധ്യമത്തില്‍ ഒരഭിനിവേശം അങ്കുരിക്കുകയും ചെയ്തിരുന്നു.
പ്രദര്‍ശന സൗഭാഗ്യം ലഭിക്കാതെ പോയ നിശബ്ദചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’യ്ക്കു പകരം വിഖ്യാതമായ ആ നോവലിനെ അടിസ്ഥാനമാക്കി ശബ്ദചിത്രം നിര്‍മ്മിക്കുവാന്‍ ചില ആലോചനകള്‍ ആ നാളുകളില്‍ നടക്കുന്നതായി റാണി അറിഞ്ഞു. സിനിമയോടുള്ള അഭിനിവേശവും തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപുരുഷന്മാരിലൊരാളായ മാര്‍ത്താണ്ഡവര്‍മ്മയോടുള്ള ആരാധനാപൂര്‍ണമായ ആദരവുംമൂലം (രണ്ടാമന് സ്വാതിതിരുനാള്‍ ചക്രവര്‍ത്തിയായിരുന്നു) ആ ചലച്ചിത്രശ്രമത്തിനു സാമ്പത്തിക പിന്‍ബലം നല്കി പിന്തുണക്കുവാന് റാണിയ്ക്കു മനസ്സായിരുന്നു. പക്ഷെ പ്രാഥമിക ആലോചനകള്‍ക്കപ്പുറം ചിത്രത്തിന്റെ നിര്‍മ്മാണം പ്രവൃത്തിപഥത്തിലെത്തിയില്ല. അതിന്റെ ഒരു നിരാശ റാണിയുടെ ഉള്ളില്‍ നീറിക്കിടന്നിരുന്നു.
കുമാരി ലക്ഷ്മിയെ മുഖ്യകഥാപാത്രമാക്കി ഒരു ചിത്രം നിര്‍മ്മിച്ചാലോ എന്ന ചിന്ത റാണിയില്‍ ഉദയംചെയ്യുന്നത് ഈ പരിവൃത്തത്തിലാണ്. അതിനുപറ്റിയ കഥ കണ്ടുപിടിക്കാന്‍ റാണി ഗുരുഗോപിനാഥിനോടാവശ്യപ്പെട്ടു. അദ്ദേഹമാണ് പുരാണത്തില്‍നിന്ന് പ്രഹ്ളാദന്റെ കഥ നിര്‍ദ്ദേശിക്കുന്നത്. റീജന്റ് റാണിക്കും അതു നന്നെന്നു തോന്നി. നിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ ധനവും താന്‍ മുടക്കിക്കൊള്ളാമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് റാണി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഗുരുഗോപിനാഥിനെ ചുമതലപ്പെടുത്തി. ഒപ്പം ചിത്രനിര്‍മ്മാണത്തിന്റെ കാര്യം ദിവാനുമായും ആലോചിച്ചു. സിപിയും അതില്‍ താല്പര്യം കാണിച്ചു. ലക്ഷ്മിയുടെ അച്ഛന് ചിദംബരം സി.പിക്കു താല്പര്യമുള്ള ആളുമായിരുന്നല്ലോ.
ഗുരുഗോപിനാഥ് സംവിധായകനായി നിര്‍ദ്ദേശിച്ചത് അക്കാലത്തെ പ്രസിദ്ധനായ സംവിധായകനായിരുന്ന കെ. സുബ്രഹ്മണ്യത്തെയാണ്. സി.പി അതിനെ പിന്താങ്ങി. തിരുവനന്തപുരം സ്വദേശിയായിരുന്നു കെ. സുബ്രഹ്മണ്യം. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു.
നിയമബിരുദം നേടിയെങ്കിലും ജീവിതപാതയില് അദ്ദേഹം ചരിച്ചത് സിനിമയുടെ വഴിയേയായിരുന്നു. അതോടെ മദിരാശിയിലാക്കി താമസം. ദക്ഷിണേന്ത്യയില്വച്ച് ആദ്യമായി ഒരു ഹിന്ദി ചിത്രം നിര്‍മ്മിച്ചപ്പോള്‍ (പ്രേംസാഗ്) കെ. സുബ്രഹ്മണ്യമായിരുന്നു സംവിധായകന്. തമിഴിലും തെലുങ്കിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അത്രയും തിരക്കുള്ള കെ. സുബ്രഹ്മണ്യം ഗുരുഗോപിനാഥ് ക്ഷണിച്ചപ്പോള്‍ ‘പ്രഹ്ളാദ’ സംവിധാനം ചെയ്യുവാന്‍ തയ്യാറായത് നൃത്തനൃത്യവഴിയില് അവര്ക്കുണ്ടായിരുന്നിരിക്കാവുന്ന സ്നേഹബന്ധത്തിന്റെ പേരിലാവാം. കെ. സുബ്രഹ്മണ്യത്തിന്റെ മകളാണ് പിന്നീട് അന്തര്‍ദ്ദേശീയ പ്രശസ്തിയിലേക്കുയര്‍ന്ന നര്‍ത്തകി പത്മാ സുബ്രഹ്മണ്യം. മലയാളത്തില്‍ ഒരു ചിത്രം എന്ന പരിഗണനയും താല്പര്യം ജനിപ്പിച്ചിട്ടുണ്ടാകാം. ഇതിനെല്ലാം പുറമെ ചിത്രത്തിന്റെ പുറകിലുള്ളത് റീജന്റ് റാണിയും സി.പിയുമാണെന്ന വസ്തുതയും കെ. സുബ്രഹ്മണ്യം അറിഞ്ഞിരിക്കുമല്ലോ.
തിരുവിതാംകൂര്‍ രാജഭരണം അന്ന് ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചുപോന്നിരുന്നത്. കെ. സുബ്രഹ്മണ്യമാകട്ടെ തന്റെ ചിത്രങ്ങളിലൂടെയും അല്ലാതെ പൊതുവായും അതിനു വിരുദ്ധമായ സമീപനമാണവലംബിച്ചിരുന്നത്. അതു പ്രകടവുമായിരുന്നു. കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘ത്യാഗഭൂമി’ നിരോധിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ദേശീയവികാരത്തോടു ചേര്‍ന്നു നില്ക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ ‘നവീന ശാരംഗധര’, ‘സേവാസദന്‍’ തുടങ്ങിയ ചിത്രങ്ങളും. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണം അദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധനായി മുദ്രകുത്തിയിരുന്നിരിക്കണം. എന്നിട്ടും തിരുവിതാംകൂറിലെ റീജന്റ് റാണി മുന്‍കൈയെടുക്കുന്ന ഒരു ചിത്രം സംവിധാനം ചെയ്യുവാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു എന്നത് പ്രത്യക്ഷത്തില്‍ വിചിത്രമായി തോന്നാം. രാജകുടുംബത്തിന്റെ മേല്‍ സി.പിയ്ക്കുണ്ടായിരുന്ന സ്വാധീനവും പിന്നീട് സ്വാതന്ത്ര്യ സമ്പാദനത്തെത്തുടര്ന്നുള്ള നാളുകളില്‍ സി.പി കൈക്കൊണ്ട നിലപാടുകളും സി.പിയെപ്പോലൊരു ബുദ്ധി പ്രമാണിക്കുണ്ടായിരുന്നിരിക്കാവുന്ന ദൂരവ്യാപകങ്ങളായ താല്പര്യങ്ങളെക്കുറിച്ചുള്ള ദീര്ഘദൃഷ്ടിയും തമ്മില്‍ അനുപാതപ്പെടുത്തുമ്പോള് രാഷ്ട്രീയ ഗുണ കോപ്പും പഠിച്ചവര്‍ക്കു വരികള്‍ക്കിടയില്‍നിന്ന് പലതും വായിച്ചെടുക്കുവാന്‍ കഴിഞ്ഞേക്കും. തന്റെ ആ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടതോടെ ദിവാന്‍പദം ഉപേക്ഷിച്ചു സി.പി കേരളം വിട്ടതും മുന്പിലുണ്ടല്ലോ.
‘പ്രഹ്ളാദന്’ സാമ്പത്തികമായി വിജയിച്ച ചിത്രമാണ്. ഈ ചിത്രത്തിനു മുന്‍പേ ഇതേ പ്രമേയം ‘ഭക്തപ്രഹ്ളാദ’ എന്ന പേരില്‍ തമിഴിലും ‘പ്രഹ്ളാദചരിത്രം’ എന്ന പേരില്‍ തെലുങ്കിലും ‘പ്രഹ്ളാദ’ എന്ന പേരില്‍ത്തന്നെ ഹിന്ദിയിലും വെവ്വേറെ ചിത്രങ്ങളായി നിര്‍മ്മിക്കപ്പെട്ടിരുന്നു. അവയില്‍ പലതും കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കുവാന്‍ ചിത്രം വിതരണം ചെയ്ത കോട്ടയത്തെ മഹാലക്ഷ്മി ഫിലിംസ് ചിത്രത്തിന്റെ ടൈറ്റില്‍കാര്‍ഡില്‍ പേര് ‘പ്രഹ്ളാദ’ എന്നായിരിക്കേയും ഈ പ്രഹ്ളാദയല്ല ആ പ്രഹ്ളാദ എന്ന് സൂചിപ്പിക്കുവാന്‍ വേണ്ടി ‘മലയാള പ്രഹ്ളാദ’ എന്നാണ് വിളംബരങ്ങളിലും പരസ്യങ്ങളിലും പേരുനല്‍കിയത്.
ഇരുപതു പാട്ടുകളുണ്ടായിരുന്നു ‘മലയാള പ്രഹ്ളാദ’യില്‍, ധാരാളം നര്‍മ്മരംഗങ്ങളും. ജനപ്രീതിയുടെ അനുപാതക്കണക്കുകള്‍ സംവിധായകന് കൃത്യതയോടെതന്നെ ചിത്രത്തില്‍ നിവേശിച്ചിരുന്നുവത്രെ. പുരാണകഥയായതുകൊണ്ട് ട്രിക്ക് ഫോട്ടോഗ്രാഫിയുടെ സാധ്യതകളും സംവിധായകന് നന്നായി പ്രയോജനപ്പെടുത്തി. മൂന്നു മണിക്കൂറായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. യുണൈറ്റഡ് ഫിലിം കോര്പ്പറേഷന് ആയിരുന്നു നിര്‍മ്മാണ ബാനര്‍. മദിരാശിയിലെ ജെമിനി സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം ഏറെയും. അഭിനേതാക്കള്‍ക്കും മറ്റും താമസിക്കുന്നതിനുവേണ്ടി സി.പി മുന്‍കൈയെടുത്ത് മദിരാശിയില്‍ ഒരു ബംഗ്ലാവും ഏര്‍പ്പെടുത്തി നല്കി.
കൊളംബിയ ഗ്രാമഫോണ്‍ കമ്പനിയാണ് ‘പ്രഹ്ളാദ’യിലെ പാട്ടുകളുടെ വിപണനം ഏറ്റെടുത്തിരുന്നത്. വിതരണാവകാശം മദ്രാസിലെ ഇന്ത്യന്‍ ഗ്രാമഫോണ്‍ കമ്പനിയും സംഗീതജ്ഞയായിരുന്ന വസന്തകോകിലത്തിന്റെ ഭര്‍ത്താവായ സി.കെ. സാച്ചി സി.പി. രാമസ്വാമി അയ്യരുടെ മിത്രമായിരുന്നു. അദ്ദേഹമാണ് ‘പ്രഹ്ളാദ’യുടെ റിക്കാര്‍ഡുകള്‍ തിരുവനന്തപുരത്തു വില്പനയ്ക്കായി കൊണ്ടുവന്നത്. ദിവാന്റെ നിശ്ശബ്ദമായ പ്രോത്സാഹനം സാച്ചിക്കുണ്ടായിരുന്നതില് അത്ഭുതമില്ലല്ലോ. തിരുവനന്തപുരത്ത് അഭൂതപൂര്‍വ്വമായ വില്പനതന്നെ നടന്നു. ഗ്രാമഫോണ്‍ പ്ലെയറുകളുള്ള എല്ലാവരുംതന്നെ റിക്കാര്‍ഡ് വാങ്ങി. വാങ്ങുക മാത്രമല്ല, നാലാള് കാണ്‍കെ, കേള്‍ക്കെ പാടിപ്പിക്കുകയും ചെയ്തു.
ചേലങ്ങാട്ട് ഗോപാലകൃഷ്ണന് ഒരു കുസൃതിയോടെ അതേക്കുറിച്ചു എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
”…..അവരെല്ലാം സംഗീതപ്രേമികളായതുകൊണ്ടല്ല ഇങ്ങനെ ചെയ്തത്. ‘പ്രഹ്ളാദ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തെ റീജന്റ് ലക്ഷ്മിഭായിയും തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുമാണെന്ന് അവര്‍ എങ്ങനെയെങ്കിലും ധരിച്ചുകഴിഞ്ഞിരുന്നു. ഇവരുടെ പ്രീതി എങ്ങനെയെങ്കിലും ലഭിക്കട്ടെ എന്നുവച്ചാണവരില് പലരും റിക്കാര്ഡുകള്വച്ച് പാട്ടുകള്‍ തകര്‍ത്തുകൊണ്ടിരുന്നത്!”
പാട്ടിന്റെ റിക്കാര്‍ഡുകളുടെ വില്പനയ്ക്ക് ഈ ധാരണ സഹായകമായി. ഒരുവര്‍ഷം കൊണ്ടാണ് ചിത്രനിര്‍മ്മാണം പൂര്‍ത്തിയായത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സുഖകരമായി നടക്കുന്നതിന് ഈ പരിവേഷം ഉപകരിക്കുകയും ചെയ്തു. പക്ഷെ ചിത്രം പ്രദര്ശനസജ്ജമാകാറായപ്പോള് ഇത് ഇങ്ങനെ പരസ്യമായി പ്രത്യക്ഷമായി രേഖപ്പെട്ടുവരുന്നതില് സി.പിയുടെ കൂര്‍മ്മബുദ്ധി ഒരു ഏനക്കേടു മടുത്തു. എന്തൊക്കെയായാലും നാടുഭരിക്കുന്ന റീജന്റ് റാണിയും ദിവാനും ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാതാക്കളായി പ്രജകളുടെ മുന്പില് പ്രത്യക്ഷപ്പെടുന്നത് എത്രത്തോളം അഭിലഷണീയമാണ്? ആലോചിച്ചപ്പോള്‍ റീജന്റ് റാണിയ്ക്കും അതിലൊരു ചൊവ്വുകേടു തോന്നി.
പിന്നെ എന്തുവേണം?
നിയന്ത്രണം തങ്ങളുടെ കൈയില്‍ തുടര്‍ന്നുകൊണ്ട് പൊതുമദ്ധ്യത്തില്‍ നിര്‍മ്മാതാവായി പകരക്കാരനൊരാളെ പ്രതിഷ്ഠിക്കണം. അങ്ങനെ പകരക്കാരനായി വരുന്ന ആള് വിശ്വസ്തനും കൂറുള്ളവനുമായിരിക്കണം. ബാക്കി ചുമതലകള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്തു തങ്ങളുടെ ഇച്ഛക്കും താല്പര്യത്തിനുമൊത്തു ഏകോപിപ്പിക്കുവാന്‍ പ്രാപ്തനുമായിരിക്കണം.
അങ്ങിനെയൊരാളെ തേടി നിയോഗിക്കേണ്ട ഉത്തരവാദിത്തം റാണി ദിവാനെ ഏല്‍പ്പിച്ചു.
ആരുണ്ട്?
സി.പി. രാമസ്വാമി അയ്യരുടെ പേഴ്സണല്‍ സ്റ്റാഫംഗവും പ്രഹ്ളാദനായഭിനയിച്ച കുമാരി ലക്ഷ്മിയുടെ പിതാവുമായ ചിദംബരവും ആ അന്വേഷണാലോചനയില് പങ്കുചേര്‍ന്നു.
ഇരുവരുടെയും മനസ്സില്‍ തെളിഞ്ഞുവന്ന മുഖം ഒരാളുടേതായിരുന്നു….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: