മുക്കം: സംസ്ഥാന സര്‍ക്കാര്‍ കൃഷിഭവന്‍ മുഖേന സംഭരിച്ച നാളികേരത്തിന്റെ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്റെ ശയന സമരം. കൂടരഞ്ഞി മുള്ളനാനിക്കല്‍ ജോസഫാണ് ശയന സമരം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 16ന് കൂടരഞ്ഞി കൃഷി ഭവനില്‍ നല്‍കിയ 980 കിലോ നാളികേരത്തിന്റെ വില ജോസഫിന് ഇതുവരെ ലഭിച്ചിരുന്നില്ല. പല തവണ നിവേദനം നല്‍കിയിട്ടും വില ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസഫ് വേറിട്ട സമര രീതി തിരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പ്രവര്‍ത്തകരുമെത്തിയിരുന്നു. സംസ്ഥാനത്ത് കൃഷിഭവനുകളില്‍ തേങ്ങ കൊടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും മെയ് 19 മുതലുള്ള പണം നല്‍കാനുണ്ട്. കൂടരഞ്ഞി കൃഷി ഭവനില്‍ നിന്ന് 38ലക്ഷം രൂപയാണ് നല്‍കാനുള്ളത്.ഓണത്തിന് മുന്‍പ് മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്ന് പറഞ്ഞിരുന്നങ്കിലും അതും നടന്നില്ല.
പച്ച തേങ്ങ സംഭരണത്തിനായി കൃഷി ഓഫീസര്‍മാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സംഭരണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
















