കോഴിക്കോട്: എടക്കാട് വയല്‍നിലം, തണ്ണീര്‍ത്തടം എന്നിവ നികത്തി മലബാര്‍ ഡവലപ്പേഴ്‌സിന് വേണ്ടി നടത്തുന്ന അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് വയപ്പുറത്ത് പൊയില്‍ത്താഴം നീര്‍ത്തട സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയങ്ങാടി വില്ലേജിലെ റി. സര്‍വേ 22/1 എ യില്‍ ഉള്‍പ്പെടുന്ന സ്ഥലം തണ്ണീര്‍ത്തടമാണെന്നതിനാല്‍ ഇവിടത്തെ എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂമിയുടെ തരം മാറ്റലും തടഞ്ഞ് തണ്ണീര്‍ത്തടം നിലനിര്‍ത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. തണ്ണീര്‍ത്തടത്തില്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുക, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നശിപ്പിച്ച കനാല്‍ റോഡും, കനാലിന്റെ പാര്‍ശ്വ ഭിത്തിയും അവരുടെ ചെലവില്‍ പുനര്‍ നിര്‍മ്മിക്കുക, അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ചു നീക്കുക, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തരം മാറ്റം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. കെ. സംഗീത, സുബീഷ് ഇല്ലത്ത്, ടി.വി. രാജന്‍, പി. രമേശ്ബാബു, സി.പി. കോയ, എന്‍.വി. ജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും തണ്ണീര്‍ത്തടത്തില്‍ നിര്‍മ്മാണം നടത്തുന്നില്ലെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു. അനധികൃത നിര്‍മ്മാണ പ്രവൃത്തി നടത്തുന്നില്ല. കോര്‍പ്പറേഷന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം നടത്തുന്നതെന്നും എം.പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
















