കൊച്ചി: ഗസ്റ്റ് ഹൗസുകളില്‍ താമസിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന കേസില്‍ സിബിഐക്കെതിരെ ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. സിബിഐ കൊച്ചി യൂണിറ്റ് എസ്പി, എറണാകുളം ജില്ലാ കളക്ടര്‍, പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇടപ്പള്ളിയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു.
ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ബിജിമോന്‍ നടത്തിയ ത്വരിത പരിശോധനയില്‍ സിബിഐക്കെതിരായ ആരോപണം വസ്തുതാപരമാണെന്നും തുക ഈടാക്കുവാന്‍ നടപടിയെടുക്കാവുതാണെന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.
1999 മുതല്‍ 2007 വരെ എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ച വകയില്‍ സിബിഐ 9.49 ലക്ഷം രൂപ വാടക നല്‍കാനുണ്ടെന്ന് വിജിലന്‍സ് ത്വരിത പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അധികൃതര്‍ വാടക തുക വാങ്ങിയെടുക്കുന്നതില്‍ വീഴ്ച വരുത്തി. കേരളത്തിലെ മറ്റ് റെസ്റ്റ് ഹൗസുകളിലും താമസിച്ച വകയിലും സിബിഐ വാടക കുടിശിക വരുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ വ്യക്തമാക്കി. ബുധനാഴ്ച വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി വി എന്‍ ശശീധരനാണ് എഫ്‌ഐആര്‍ നല്‍കിയത്.
















