പത്തനാപുരം: അനധികൃത അറവുശാലയില്‍ നിന്നുള്ള മാലിന്യം പഞ്ചായത്തംഗത്തിന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നെടുംപറമ്പ് വാര്‍ഡ് മെമ്പര്‍ റാജിഫയുടെ വീടിന് മുന്നിലാണ് മാലിന്യനിക്ഷേപം നടത്തിയത്.
നെടുംപറമ്പ്, പാതിരിയ്‌ക്കല്‍, ഇടത്തറ പ്രദേശങ്ങളിലെ അറവുമാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനൊപ്പം വാര്‍ഡ്‌മെമ്പര്‍ നിന്നതിന്റെ പ്രതികാര നടപടിയാണിതെന്ന് കരുതുന്നു.
ഇടത്തറ പാണച്ചിറ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയില്‍ നിന്നും പുലര്‍ച്ചെ മാലിന്യവുമായെത്തിയ വാഹനം കഴിഞ്ഞമാസം നാട്ടുകാര്‍ തടയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. അറവുശാലയില്‍ എത്തിയും ജനങ്ങള്‍ പ്രതിഷേധിക്കുകയും .അറവുശാല ഉടമയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മെമ്പര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന നടപടി മുന്‍പുമുണ്ടായിട്ടുണ്ട്. അറവ്മാലിന്യ നിക്ഷേപകരെ തടഞ്ഞതിന് പ്രദേശവാസിയായ യുവാവിന്റെ വീടിനോട് ചേര്‍ന്ന കിണറിനുള്ളിലും അറവുമാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടെ ദിവസവും പത്തിലധികം മാടുകളെ കശാപ്പ് ചെയ്യാറുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെയും പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളിലേക്കും മാട്ടിറച്ചി ഇവിടെ നിന്നുമാണ് കൊണ്ടുപോകുന്നത്. പരിശോധനകള്‍ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗമുള്ള കന്നുകാലികളെയും ഇവിടെ കശാപ്പ് ചെയ്യുന്നതായും ആക്ഷേപമുണ്ട്. അറവ് അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി മറവ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളൊന്നും ഇവിടെയില്ല. ഈ മാലിന്യങ്ങള്‍ ജനവാസമേഖലകളില്‍ പാതയോരങ്ങളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുകയാണ് പതിവ്. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാമെന്ന് പഞ്ചായത്തധികൃതരും പോലീസും ആരോഗ്യവകുപ്പധികൃതരും ഉറപ്പ് നല്‍കിയെങ്കിലും നിയമങ്ങളെല്ലാം കാറ്റില്‍പറത്തി അനധികൃത അറവ്ശാലയുടെ പ്രവര്‍ത്തനവും മാലിന്യനിക്ഷേപവും ഇപ്പോഴും തുടരുകയാണ്.
















