പാറശ്ശാല (തിരുവനന്തപുരം): ലോക കബഡി കിരീടം മൂന്നാം തവണയും ഭാരതം നേടിയതിന്റെ ആവേശം പാറശ്ശാലയിലും പ്രതിഫലിച്ചു. മത്സരാര്‍ത്ഥികളിലും കാണികളിലും കബഡിവികാരം അലതല്ലിയപ്പോള്‍ വിദ്യാഭാരതി ദേശീയ കബഡി ഫൈനല്‍ മത്സരങ്ങള്‍ കടുത്തു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഹരിയാന, കര്‍ണാടകം, ആന്ധ്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ ജേതാക്കളായി.
14 വയസില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കര്‍ണാടകം ജേതാക്കളായപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയാണ് വിജയിച്ചത്. 19 വയസില്‍ താഴെ പെണ്‍വിഭാഗത്തില്‍ ആന്ധ്രയാണ് ജേതാക്കള്‍. ആണ്‍കുട്ടികളില്‍ രാജസ്ഥാനും വിജയികളായി. നരേഷ് (ഹരിയാന), സുധീര്‍കുമാര്‍ (രാജസ്ഥാന്‍), ആര്‍.എം. യശ്ശസ്സി (കര്‍ണാടകം), പി. ഭവാനി (ആന്ധ്ര) എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ മികച്ച താരങ്ങളായി.
19 വയസില്‍ താഴെ പെണ്‍ ഫൈനലാണ് തീപാറിയത്. ആന്ധ്രയും മധ്യപ്രദേശും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമായി. മത്സരത്തിലുടനീളം മികവു പുലര്‍ത്തിയ ആന്ധ്രയുടെ ഭവാനി, രാജേശ്വരി, ലക്ഷ്മി, അനുഷ, യമുന എന്നിവരും മധ്യപ്രദേശിന്റെ റീനാ ഠാക്കൂറും സമീക്ഷ അഗര്‍വാളും പ്രിയങ്ക തിവാരിയും സത്യാ ഘോഷും നേര്‍ക്കുേനര്‍ നിന്നപ്പോള്‍ ഫല പ്രവചനം അസാധ്യമായി. ആദ്യപകുതി തീരുമ്പോള്‍ രണ്ട് പോയിന്റിനുമാത്രം ആന്ധ്ര മുന്നിട്ടുനിന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു പോയിന്റിന് (19-18) ആന്ധ്ര ജയിച്ചു.
19 വയസില്‍ താഴെ ആണ്‍ വിഭാഗത്തില്‍ പഞ്ചാബിനെ 20-14 ന്് തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ ജേതാക്കളായത്. സ്‌കോറില്‍ ആറ് പോയിന്റിന്റെ വ്യത്യാസമുണ്ടെങ്കിലും മത്സരം കടുത്തതായിരുന്നു. സുധീര്‍കുമാര്‍, രാജേന്ദ്ര ലാമറര്‍, ജിതേന്ദ്ര സിങ്, കുല്‍ദ്ദീപ് എന്നിവര്‍ രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ബല്‍വിന്ദര്‍ സിങ്, ഹര്‍പീത് സിങ്, ജഗദ്ദാര്‍ സിങ് എന്നിവര്‍ പഞ്ചാബിനായി മികച്ച പ്രകടനം നടത്തി.
14 വയസില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 പോയിന്റ് വ്യത്യാസത്തിലാണ് കര്‍ണാടകം ഛത്തീസ്ഗഡിനെ തോല്‍പ്പിച്ചത്.(27-17). യശ്ശസ്സി, ശരണ്യ, സ്വേത, ധന്യശ്രി എന്നിവരുടെ മികവ് കര്‍ണാടകത്തിനു തുണയായി. പുത്തൂര്‍ വിവേകാന്ദ സ്‌ക്കൂളിലെ കുട്ടികളായിരുന്നു കര്‍ണാടക ടീമില്‍. ആണ്‍ വിഭാഗത്തിലെ ഫൈനല്‍ ഏകപക്ഷീയം. ഹരിയാന, ഉത്തര്‍പ്രദേശിനെ 72-27 നാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് റിച്ചാര്‍ഡ് ഹെ എംപി ട്രോഫികള്‍ നല്‍കി.
നിലവാരത്തിലും സംഘാടനത്തിലും മികവു പുലര്‍ത്തിയ ചാമ്പ്യന്‍ഷിപ്പില്‍ 18 സംസ്ഥാനങ്ങളില്‍ നിന്നായി 400 കുട്ടികളാണ് പങ്കെടുത്തത്. ആദ്യമായാണ് കേരളം വിദ്യാഭാരതിയുടെ ദേശീയ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
















