ഇടുക്കി: വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ഓട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത സാമൂഹികവിരുദ്ധര്‍ കോട്ടേജിനു മുന്‍പില്‍ സൂക്ഷിച്ചിരുന്ന ടൈലുകളും മോഷ്ടിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ കൃഷണകുമാറിന്റെ ഓട്ടോയുടെ ചില്ലുകളാണ് വെള്ളിയാഴ്ച രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. രാത്രിയില്‍ ഓട്ടം കഴിഞ്ഞ് 11നു വീടിനു സമീപമുള്ള പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് തകര്‍ത്തത്. ഇതിനോടു ചേര്‍ന്നുള്ള മഹാരാജാ കോട്ടേജിന്റെ മുന്‍വശത്തിരുന്ന ടൈലുകളാണ് മോഷണം പോയത്. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മേഖലയില്‍ പാതയോരങ്ങളില്‍ രാത്രി കാലങ്ങളില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍, മ്യൂസിക് സിസ്റ്റം എന്നിവ മോഷണം പോകുന്നത് പതിവാണ്. എംജി. കോളനിയില്‍ പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഓട്ടോകളില്‍ രാത്രി കാലങ്ങളില്‍ ഇരുന്നുള്ള മദ്യപാനവും വ്യാപകമായിരിക്കുകയാണ്. മദ്യപാനത്തിനു ശേഷമാണ് സാമൂഹികവിരുദ്ധര്‍ മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
















