കൊല്ലം: ഒന്‍പത് വയസ്. 4500 ചിത്രങ്ങള്‍. വരയുടെ ലോകത്ത് വിസ്മയമാവുകയാണ് അനവദ്യ എന്ന നാലാം ക്ലാസുകാരി. ഇത്രയധികം രേഖാചിത്രങ്ങള്‍ ഈ ചെറുപ്രായത്തില്‍ കോറിയിട്ടതിന് അനവദ്യയെത്തേടിയെത്തുന്നത് ഏഷ്യന്‍ റെക്കോര്‍ഡ്. ഔദ്യോഗിക പ്രഖ്യാപനവുമായി യുആര്‍എഫ് ചീഫ് എഡിറ്ററും ജൂറി ഹെഡുമായ ഡോ. സുനില്‍ ജോസഫ് 22ന് എത്തും.
ചിത്രകാരനായ അച്ഛന്‍ ദീപക് മയ്യനാടിന്റെ വഴിയെ തനിയെ ബ്രഷ് എടുത്തതാണ് അനവദ്യ. രണ്ടര വയസ്സുള്ളപ്പോള്‍ മുതല്‍ അവള്‍ വരച്ചിട്ടതൊന്നും ദീപക്ക് കളഞ്ഞില്ല. വരയിലെ കരുത്തറിഞ്ഞ ആ അച്ഛന്‍ അവ സൂക്ഷിച്ചുവെച്ചു. വരയ്‌ക്കുമ്പോള്‍ അതില്‍ ഇടപെടാതെ അനവദ്യയ്‌ക്ക് പ്രോത്സാഹനമായി അച്ഛനും അമ്മ രശ്മിയും.
പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലാണ് അനവദ്യ പഠിക്കുന്നത്. ആദ്യചിത്രപ്രദര്‍ശനത്തിന് വേദിയായത് ആ സ്‌കൂളാണ്. അന്നത്തെ ഡിജിപി ടി.പി. സെന്‍കുമാറായിരുന്നു മുഖ്യാതിഥി.
മൂന്ന് ദിവസത്തെ പരിപാടികള്‍ക്കൊടുവിലാണ് ഇക്കുറി അനവദ്യയെ പുതിയ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യ ബാലചിത്രകാരിയായി പ്രഖ്യാപിക്കുന്നത്.
ആദ്യ പരിപാടിയായി ഇന്ന് വൈകിട്ട് 4.30മുതല്‍ കൊല്ലം ബീച്ചില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം അനവദ്യയുടെ തത്സമയ കാരിക്കേച്ചര്‍ രചന നടക്കും. നാളെ രാവിലെ 9.30ന് 4500 ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. ചിത്രപ്രദര്‍ശനം ഷെന്‍ലേ ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് 4ന് നടക്കുന്ന പരിപാടി മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
















