കൊല്ലം: വിവേകാനന്ദസ്വാമികളുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് വിവിധ മേഖലകള്‍ ശക്തിപ്പെടുത്തി ഭാരതത്തെ ദാരിദ്ര്യമുക്തമാക്കാനാണ് നരേന്ദ്രമോദിസര്‍ക്കാരിന്റെ നയമെന്ന് രാജ്യസഭാ എംപി റിച്ചാര്‍ഡ് ഹെ.
മാമ്പുഴ കൊച്ചാലുംമൂട് വിവേകാനന്ദ സാംസ്‌കാരിക സമിതിയുടെ രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള സൗജന്യമെഡിക്കല്‍ ക്യാമ്പും നിര്‍ദ്ധനകുടുംബ ചികിത്സാ ധന സഹായവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് എത്തുന്നില്ല. അവ എത്താതിരിക്കാന്‍ ആസൂത്രിതശ്രമങ്ങളും നടക്കുന്നു. പ്രധാനമന്ത്രിയുടെ വിവിധ സേവന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ഇത്തരം സേവാകേന്ദ്രങ്ങളുടെ സഹായം സര്‍ക്കാരിന് ആവശ്യമാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഭീകരവാദ ഭീഷണി നിലനില്‍ക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ദേശസ്‌നേഹമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാധനസഹായവിതരണം സിനിമാ സംവിധായകന്‍ വിജി തമ്പി നിര്‍വഹിച്ചു. സമിതി അംഗങ്ങളുടെ അവയവദാനപത്രികസമര്‍പ്പണം നടന്‍ അനൂപ് ചന്ദ്രന്‍ നിര്‍വഹിച്ചു, നടന്‍ തമ്പാനൂര്‍ സുരേഷ്, ജി. സന്തോഷ്, വാര്‍ഡംഗം ശിവാനന്ദന്‍, അഭിരാമി, ബിജു മരുതൂര്‍ എന്നിവര്‍ സംസാരിച്ചു.
















