കൊട്ടാരക്കര: അഭിനയകലയിലെ ഏകലവ്യന് എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടാരക്കര ശ്രീധരന്‍നായരെ ഓര്‍ക്കാന്‍ വീണ്ടും ഒരു ദിനം കൂടി. 1986 ഒക്ടോബര്‍ 19നാണ് ശ്രീധരന്‍നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്കി കൊട്ടാരക്കരയുടെ പെരുമ വര്‍ദ്ധിപ്പിച്ച ശ്രീധരന് നായര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം പിന്നിടുന്നു.
ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനാച്ചനും വേലുത്തമ്പി ദളവയും കുഞ്ഞാലിമരയ്ക്കാരും പഴശ്ശിരാജയുമെല്ലാം ഈ മഹാനടനിലൂടെയാണ് വെള്ളിത്തിരയില്‍ നിറഞ്ഞത്. ഇതൊന്നും കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല ശ്രീധരന്‍നായര്‍ക്ക്. നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊട്ടാരക്കര സ്വന്തമായ അഭിനയ വഴികളിലൂടെ സഞ്ചരിച്ചു. എന്തിനേക്കാളുമേറെ കലയെ സ്നേഹിച്ചു. പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍ വരെ വില്ലനായും, നായകനായും പ്രേക്ഷകമനസുകളെ കീഴടക്കി.
1970ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969ല്‍ രണ്ടാമത്തെ നടനുള്ള പുരസ്കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേകശ്രദ്ധ നേടി.
അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും തിരിച്ചറിഞ്ഞില്ല. അതായിരുന്നു ആ അഭിനയപൂര്‍ണത. നൂറ്റിഅറുപതിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ചരിത്രകഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് സിനിമ സാങ്കേതികമായി ഏറെ വളര്‍ന്നിട്ട് പുറത്തിറങ്ങിയ പഴശ്ശി രാജയെക്കാള്‍ ശ്രീധരന്‍നായരുടെ പഴശ്ശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നതിന് കാരണം.
ലൈബ്രറി കൗണ്‍സിലിന്റെ വകയായുള്ള ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്കി എന്നത് മാത്രമാണ് സിനിമയിലെ പൗരുഷത്തിന്റ ശബ്ദത്തിന്റെ ആകെയുള്ള സ്മാരകം. നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് 2012ല്‍ രൂപം നല്കിയ ശ്രീധരന്‍നായര്‍ ഫൗണ്ടേഷന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ല.
ആദ്യപടിയായി സിനിമ, നാടക, കഥകളി രംഗത്തുള്ളവരെ അനുസ്മരണ ദിനത്തില്‍ ആദരിക്കുന്ന ചടങ്ങ് നടത്തിവരുന്നു. നിരവധി ചലച്ചിത്രപ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്.
മകന് സായികുമാര്‍, മകള്‍ ശോഭാമോഹന്‍, വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവര്‍ ഈ രംഗത്ത് സജീവമായുണ്ട്. ശ്രീധരന്‍നായരുടെ ഭാര്യയായ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ മകള്‍ക്കും മരുമകന് അഡ്വ.കൃഷ്ണകുമാറിനും ഒപ്പമാണ് താമസം.
ഒരാണും ഏഴുപെണ്ണുമടക്കം എട്ട് മക്കളായിരുന്നു ഇവര്‍ക്ക്. ജയശ്രീ, ഗീത, ലൈല, ശോഭ, കല, ബീന, ഷൈലജ എന്നിവരാണ് മക്കള്‍. 1986 ഒക്ടോബര്‍ 19ന് ഓര്‍മയായ ശ്രീധരന്‍നായര്‍ക്ക് ഇനിയെങ്കിലും കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുപ്പതാം ഓര്‍മദിനത്തിലെങ്കിലും പ്രേക്ഷകര്‍ പ്രത്യാശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: