.കുമളി: മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് വരും ദിവസങ്ങളില്‍ തുലാമഴ പെയ്യാതിരുന്നാല്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ കൃഷിയോടൊപ്പം കുടിവെള്ളം പോലും ലഭിക്കില്ല. പതിവിനു വിപരീതമായി ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. 104 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പിന്നീട് തമിഴ്‌നാടിന് ജലം ഒഴുക്കികൊണ്ട് പോകാന്‍ സാധിക്കില്ല.
സാധാരണ ഏപ്രില്‍ മാസങ്ങളില്‍ മാത്രമാണ് ജലനിരപ്പ് വളരെ താഴ്ന്നു നില്‍ക്കുന്നത്. എന്നാല്‍ ഇക്കുറി ഇടവപ്പാതിയില്‍ ഇടുക്കി അജില്ലയില്‍ ഉണ്ടായ കാര്യമായ മഴക്കുറവ് ജില്ലയിലെ മറ്റ് അണക്കെട്ടുകളോടൊപ്പം മുല്ലപ്പെരിയാറിനെയും സാരമായി ബാധിച്ചു. തന്മൂലം ഇപ്പോള്‍ തേക്കടി തടാകത്തിലൂടെയുള്ള വലിയ സവാരി ബോട്ടുകളില്‍ യാത്രക്കാരെ കയറ്റുന്നതിനു പോലും ബന്ധപ്പെട്ട വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നിലവിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താന്‍ വേണ്ടി ജലം ഒഴുക്കി കൊണ്ട് പോകുന്നത് തമിഴ്‌നാട് വൈകിയാണ് ആരംഭിച്ചത്.
എന്നാല്‍ കാത്തിരുന്നിട്ടും കാല വര്‍ഷം ചതിച്ചതോടെ മറ്റുമാര്‍ഗ്ഗമില്ലെന്നായി. തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ, എന്നീ ജില്ലകളിലെ ജീവ ജലം കേരളത്തിലെ മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കി കൊണ്ട്‌പോകുന്ന വെള്ളം മാത്രമാണ്. കൃഷി മാത്രമല്ല, മനുഷ്യനും മറ്റു ജീവജാലങ്ങളും കുടി നീരിനായി ഇത് മാത്രമാണ് ഏക ആശ്രയം. കാവേരിയോടൊപ്പം, മുല്ലപ്പെരിയാറും ചതിച്ചാല്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് അയല്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ പങ്കുവയ്‌ക്കുന്നത്.
















